ന്യൂദില്ലി : ഡല്‍ഹി-എൻസിആറിലെ എല്ലാ തെരുവ് നായകളെയും എട്ട് ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രിം കോടതിയുടെ നിർദേശത്തെ വിമര്‍ശിച്ച് മുൻ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി.
വിധി അപ്രായോഗികമാണെന്നും പെട്ടെന്നുള്ള ദേഷ്യത്തിലുള്ള തീരുമാനമാണെന്നും അവര്‍ പറഞ്ഞു.”സാങ്കേതികമായി പ്രായോഗികമല്ലാത്തതിനാല്‍ കോപത്തില്‍ നല്‍കിയ വിധിയായിരിക്കാം ഇത്” പീപ്പിള്‍ ഫോർ ആനിമല്‍സ് എന്ന എൻജിഒ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. “ഡല്‍ഹിയില്‍ നിങ്ങള്‍ക്ക് മൂന്ന് ലക്ഷം നായകളുണ്ട്. അവയെയെല്ലാം റോഡുകളില്‍ നിന്ന് മാറ്റാൻ 3,000 കേന്ദ്രങ്ങളെങ്കിലും വേണം. ഓരോന്നിനും ഡ്രെയിനേജ്, വെള്ളം, ഒരു ഷെഡ്, ഒരു അടുക്കള, ഒരു വാച്ച്‌മാൻ എന്നിവ വേണം. അതിന് ഏകദേശം 15,000 കോടി രൂപ ചെലവാകും. ഇതിനായി ഡല്‍ഹിയില്‍ 15,000 കോടി രൂപയുണ്ടോ?” മനേക പിടിഐയോട് പറഞ്ഞു. “നമുക്ക് അങ്ങനെയൊരു ഭൂമിയുണ്ടോ? നിങ്ങളുടെ ചുറ്റും ആയിരം ഏക്കർ സ്ഥലമുണ്ട്. ഓരോ കേന്ദ്രവും നടത്താൻ നിങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കോടിയോളം ചെലവാകും. സർക്കാരിന് അത്രയും പണമുണ്ടോ? ഇല്ല,” അവർ വാദിച്ചു.
തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് വിധിന്യായം പുറപ്പെടുവിച്ചതെന്ന് മനേക ആരോപിച്ചു. ഓരോ ഷെല്‍ട്ടറിനും അര ഏക്കർ മുതല്‍ ഒരു ഏക്കർ വരെ ഭൂമി ആവശ്യമാണെന്നും പ്രവർത്തിപ്പിക്കാൻ പ്രതിമാസം ഏകദേശം അഞ്ച് കോടി രൂപ ചെലവാകുമെന്നും വിശദീകരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കുന്നതിലെ സാമ്പത്തിക വെല്ലുവിളി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ തെരുവ് നായകളെ നീക്കം ചെയ്താലും അയല്‍പ്രദേശങ്ങളില്‍ നിന്നും വീണ്ടും നായകളെത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“48 മണിക്കൂറിനുള്ളില്‍, ഗാസിയാബാദ്, ഫരീദാബാദ്, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന 3 ലക്ഷം നായ്ക്കള്‍ കൂടി ഈ നഗരത്തില്‍ നിറയും. കാരണം ഇവിടെ ഇഷ്ടം പോലെ ഭക്ഷണമുണ്ട്,” മനേക ഗാന്ധി പറഞ്ഞു.ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
തെരുവ്‌നായകളെ പിടി കൂടുമ്പോൾ തടസപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ്. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്.
മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു ദയയുടെയും ആവശ്യമില്ലന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

