വാഷിങ്ടൺ: ഇന്ത്യക്കെതിരേ പാക് സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ തെമ്മാടി രാഷ്ട്രത്തേപ്പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരവാദി ഒസാമ ബിൻലാദനേപ്പോലെയാണ് അസിം മുനീറെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ മണ്ണിൽനിന്ന് പാക് സൈനിക മേധാവിയുടെ വെല്ലുവിളി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. പാക് സൈനിക മേധാവിയുടെ വാക്കുകൾ 9/11-ന് പിന്നിലെ ഭീകരൻ ഒസാമ ബിൻലാദൻ പറഞ്ഞതിനെ ഓർമിപ്പിക്കുന്നു. അസിം മുനീർ സ്യൂട്ട് ധരിച്ച ഒസാമയാണെന്നും റൂബിൻ ആരോപിച്ചു. ഒരു രാഷ്ട്രം എന്ന നിലയിൽ പാകിസ്താന് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുമോ എന്നതിനെക്കുറിച്ച് പലരുടേയും മനസ്സിൽ ചോദ്യങ്ങളുയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സന്ദര്‍ശനത്തിനിടെയായിരുന്നു പാക് സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണി ഉയർത്തിയത്. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. ‘ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും’, എന്നായിരുന്നു ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞത്
പകരച്ചുങ്കത്തിൽ ഇടഞ്ഞുനിൽക്കുന്ന യുഎസുമായി പാകിസ്താൻ നിലവിൽ ചങ്ങാത്തത്തിലാണ്. പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ എന്നതും ശ്രദ്ധേയമാണ്.
സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണിമുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിർമാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല’, അസിം മുനീര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.

