ബംഗളൂരു: വോട്ടർ പട്ടികയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ രോഷം ഉയരുന്നതിനിടെ കർണാടക കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സഹകരണവകുപ്പ് മന്ത്രി കെ.എൻ. രാജണ്ണ. കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തി.
കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന് മന്ത്രി അവകാശപ്പെട്ടു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമാണ് മന്ത്രിയുടെ വാദം.
രാജണ്ണയുടെ നീക്കം കർണാടക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് തിരി കൊളുത്തിരിക്കുകയാണ്. വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട സമയത്ത് നമ്മൾ അറിയിച്ചില്ലെന്നാണ് രാജണ്ണയുടെ വാദം.
ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈകമാൻഡ് നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കെ.എൻ രാജണ്ണ രാജി വെച്ചേക്കുമെന്നാണ് സൂചന. വോട്ടർ പട്ടിക ക്രമക്കേടിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രി ഉടൻ മുഖ്യമന്ത്രിയെ കണ്ടു രാജി നൽകിയേക്കും