വാഷിംങ്ടൺ: മെക്സിക്കോയുടെ മണ്ണിൽ യുഎസ് സൈനികരുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടുള്ള ഒരു സൈനിക നീക്കവും അനുവദിക്കില്ലെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബൗം വ്യക്തമാക്കി. ലഹരിമരുന്ന് കാർട്ടലുകൾക്കെതിരെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം രഹസ്യ നിർദേശം നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ് ഷീൻബൗം.
ലഹരിമരുന്ന് വ്യാപാരം തടയുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി അടുത്ത സഹകരണം പുലർത്തി വരികയായിരുന്നു മെക്സിക്കോ. അതിർത്തി കടന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിലും മെക്സിക്കൻ സർക്കാർ യുഎസുമായി സഹകരിച്ചിരുന്നു. ഇത്തരം നീക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു വഴിത്തിരിവാകുമെന്നാണ് മെക്സിക്കോ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മെക്സിക്കൻ ഭരണകൂടത്തിൻ്റെ അനുമതിയില്ലാതെ സൈനിക നടപടിക്ക് ഒരുങ്ങുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഇത്തരം നീക്കങ്ങൾക്കെതിരെ മെക്സിക്കൻ പ്രസിഡന്റ്റ് നേരത്തെയും ശക്‌തമായ നിലപാട് എടുത്തിട്ടുണ്ട്.

