വാഷിങ്ടൻ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം ഒത്തുതീർത്തത് താൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇരു രാജ്യങ്ങളും തമ്മിൽ 4 ദിവസം ഉണ്ടായ സംഘർഷത്തിൽ ‘അഞ്ചോ ആറോ വിമാനങ്ങൾ വെടിവച്ചിട്ടുവെ’ന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ മധ്യസ്ഥ ശ്രമം ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
പ്രസിഡന്റ് എന്ന നിലയിൽ ലോകത്തു സമാധാനം കൊണ്ടുവരികയാണു തന്റെ ഏറ്റവും വലിയ അഭിലാഷമെന്നും ട്രംപ് പറഞ്ഞു. വ്യാപാര ഉപരോധവും തീരുവ ചുമത്തലും വഴിയാണ് താൻ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതെന്നു വ്യക്തമാക്കുമ്പോഴാണ് ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തെപ്പറ്റി പരാമർശിച്ചത്.