ചെന്നൈ: കേരളത്തിൽ നിന്നുള്ള എം.പിമാരടക്കം യാത്ര ചെയ്ത എയർ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ 2455 വിമാനമാണ് കാലാവസ്ഥ റഡാർ തകരാറിനെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്.കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍, തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുള്ള റോബർട്ട് ബ്രൂസ് എന്നീ എം.പിമാരും അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) ജ്യോതിലാലും അടക്കമുള്ളവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരെന്ന് വിമാന അധികൃതരും വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുഖമായിരിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചു.
വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനം അര മണിക്കൂറോളം വൈകിയിരുന്നു. യാത്ര പുറപ്പെട്ടതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും അടിയന്തരമായി ഇറക്കുകയാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ചെന്നൈയിൽ രണ്ട് തവണ വിമാനം നിലത്തിറക്കാൻ ശ്രമിച്ചു. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ ആദ്യശ്രമം പാളി. അര മണിക്കൂർ ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്ന ശേഷമാണ് ലാൻഡ് ചെയ്യാനായത്.
തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. അതേസമയം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടപ്പോൾ മുൻകരുതൽ എന്ന നിലക്കാണ് വിമാനം ചെന്നൈ വിമാനത്താവളത്തിലിറക്കിയതെന്ന് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണമുണ്ടാവുമെന്ന് ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു.