ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും. കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് പ്രതിപക്ഷത്തിന്‍റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും.
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമടക്കം 300 ഓളം എം പിമാർ പ്രതിഷേധത്തിൽ അണിനിരക്കുമെന്നാണ് കോൺഗ്രസും ഇന്ത്യ സഖ്യവും പറയുന്നത്. ബീഹാറിലെ എസ് ഐ ആർ റദ്ദാക്കണമെന്നും, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്.
പാർലമെൻറിൽ നിന്നാകും എം പിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുക. വിജയ് ചൗക്കിൽ മാർച്ച് തടഞ്ഞേക്കും. മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എം പിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.
വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരുന്നുണ്ട്. വൈകീട്ട് നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം.
രാഹുൽഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളുടെ യോഗവും വൈകീട്ട് ചേരും. ഖർഗെയുടെ വസതിയിൽ അത്താഴ വിരുന്നായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തന്‍റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്‍റെ മുന്നേറ്റം.
‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷന്‍റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു. വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ പിന്തുണയേറുകയാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്നും സി പി എം ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി കോൺഗ്രസുമായി നേരത്തെ തെറ്റി നിന്ന പാർട്ടികളും ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ത്യ സഖ്യ എം പിമാർക്ക് അത്താഴ വിരുന്ന് നൽകുന്നുണ്ട്. ബീഹാറിൽ സപ്തംബർ ഒന്നിന് നടക്കുന്ന മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനമാകും.