കോഴിക്കോട്: മികച്ച ഭക്ഷണം ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന നടന്‍ കുഞ്ചാക്കോ ബോബന്‍റെ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി സരിൻ ശശി.കുഞ്ചാക്കോ ബോബൻ ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്…. നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂവെന്നും സരിൻ പറയുന്നു. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എം.എല്‍.എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്‍റെ പ്രസ്താവന.
വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികളെ വളർത്താനല്ല; കുറ്റമറ്റവർക്കായി നല്ല സാഹചര്യമൊരുക്കാനായിരിക്കണം ഏതൊരു സർക്കാറും ശ്രമിക്കേണ്ടതെന്നും നടൻ പരാമർശിച്ചിരുന്നു.പിന്നാലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കുഞ്ചാക്കോ ബോബനെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനത്തിന് ക്ഷണിച്ചിരുന്നു. ‘മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’എന്ന രീതിയിൽ കുഞ്ചാക്കോ ബോബന്‍റെ പേരിലുള്ള പ്രസ്താവന ഗ്രാഫിക്സ് കാർഡായി പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി ഫേസ്ബുക് പോസ്റ്റിട്ടത്.
ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും കുറിപ്പിൽ മന്ത്രി പറഞ്ഞു.സരിൻ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻമൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് …..ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ….നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ