കൊച്ചി : മദ്യം ഓൺലൈനായി നൽകാനുള്ള പദ്ധതിക്കെതിരെ കെസിബിസി.സർക്കാരിന്റേത് വ്യാമോഹമാണെന്നും ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെസിബിസി വ്യക്തമാക്കി. മദ്യനയത്തിൽ ഇടതുപക്ഷം ജനപക്ഷം ആയി മാറണം. മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുരങ്കം വയ്ക്കുന്ന നയമാണ് ഡോർ ഡെലിവറി നീക്കമെന്നും കെസിബിസി കുറ്റപ്പെടുത്തി.സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്പനയ്ക്കായി സർക്കാരിന് ബെവ്കോ ശിപാർശ നൽകിയിട്ടുണ്ട്. സ്വിഗി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി നൽകിയ ശിപാർശയിൽ പറയുന്നു.മദ്യം വാങ്ങുന്നയാൾക്ക് 23 വയസ്സ് തികഞ്ഞുവെന്ന് തെളിയിക്കുന്ന രേഖ നൽകണം.കോവിഡ് സമയത്തടക്കം സംസ്ഥാന സർക്കാരിലേക്ക് മുന്നിലേക്ക് വന്നതാണ് ഓൺലൈൻ മദ്യ വില്പന എന്ന ശിപാർശ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിയോജിപ്പ് രേഖപ്പെടുത്തി. ഔട്ട്ലെറ്റുകളിലുള്ള തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ മദ്യ വില്പന വേണമെന്ന ശിപാർശ വീണ്ടും നൽകിയിരിക്കുകയാണ് ബെവ്കോ.എങ്ങനെ നടപ്പാക്കണമെന്നും ശിപാർശയിൽ പറയുന്നുണ്ട്. ഓൺലൈൻ മദ്യ വില്പനയ്ക്കായി ഒരു ആപ്പും ബെവ്കോ തയ്യാറാക്കുന്നുണ്ട്.10 ദിവസത്തിനുള്ളിൽ അത് പ്രവർത്തനസജ്ജമാകും.ഓണലൈന്‍ മദ്യവില്‍പനയില്‍ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.