ക്രൂയിസ് കപ്പലുകളുടെ തലതൊട്ടപ്പനായ ആഡംബരത്തിന്റെ അവസാനവാക്കായ റോയൽ കരീബിയൻ ക്രൂയിസ് കപ്പലിലാണ് സംഭവം. കപ്പലിലെ വിനോദങ്ങളുടെ ഭാഗമായ ട്യൂബുലാർ സ്ലൈഡിലെ വലിയ കുഴലിൽ ഘടിപ്പിച്ച അക്രിലിക് ഗ്ലാസ് പാനലാണ് പൊട്ടി വെള്ളം താഴേക്ക് കുത്തിയൊഴുകിയത്. കപ്പലിലുള്ള മറ്റു യാത്രക്കാർ ഒച്ചവെക്കുന്നതും സ്ലൈഡ് നിർത്തിവെക്കാൻ പറയുന്നതും വിഡിയോയിൽ കാണാവുന്നതാണ്.
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാവുകയാണ്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന കൊടുക്കുന്ന ഇത്ര വലിയ കപ്പലിലാണോ ഈ സംഭവം എന്നുപറയുന്നവരും കുറവല്ല. കുഴലിലൂടെ കടന്നുപോയ മുതിർന്ന അതിഥിക്ക് ഉണ്ടായ ചെറിയ പരിക്കുകൾക്ക് ചികിത്സ നൽകിയതായും പേടിക്കാനൊന്നുമില്ലെന്നും റോയൽകരീബിയൻ വക്താവ് അറിയിച്ചു. വാട്ടർ സ്ലൈഡ് നിർത്തിയതായും അന്വേഷിക്കുമെന്നും അറിയിച്ചു. പരിക്കേറ്റയാൾ ആരാണെന്നോ ഏത് രാജ്യക്കാരനെന്നോ പുറത്തുവിട്ടിട്ടില്ല, നിലവിൽ അയാൾ ആരോഗ്യവാനാണെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ക്രൂയിസ് കപ്പലുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഐക്കൺ ഓഫ് ദി സീസിൽ ആറ് സ്ലൈഡുകളുള്ള ഒരു വാട്ടർ പാർക്ക് ഉണ്ട്. തകരാർ സംഭവിക്കുമ്പോൾ ആയിരക്കണക്കിന് അവധിക്കാല സഞ്ചാരികൾ അതിൽ ഉണ്ടായിരുന്നു. സുരക്ഷപരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നതുവരെ സ്ലൈഡ് അടച്ചിട്ടു. അക്രിലിക് ഗ്ലാസ് തകരാറിനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല.
ഭാവിയിൽ സമാനമായ അപകടങ്ങൾ തടയുന്നതിന് എല്ലാ സുരക്ഷാ നടപടിക്രമങ്ങളും വിലയിരുത്തുമെന്ന് കമ്പനി പറഞ്ഞു.2024 ജനുവരിയിലാണ് ഐക്കൺ ഓഫ് ദി സീസ് ആദ്യമായി യാത്ര തുടങ്ങിയത്. കപ്പലിന് പൂർണ്ണ ശേഷിയിൽ ഏകദേശം 10,000 പേരെ ഉൾക്കൊള്ളാൻ കഴിയും.

