Friday, December 5, 2025
HomeNews"തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ": പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍...

“തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ”: പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍

തൃശൂര്‍ : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിലും ഒഡിഷയിലും ബിഹാറിലുമടക്കം മലയാളി കന്യാസ്ത്രീകളും പുരോഹിതരും ആക്രമിക്കപ്പെട്ട സംഭവത്തില്‍ തൃശൂര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. തൃശൂര്‍ എംപിയെ കാണാനില്ലെന്നും പൊലീസില്‍ അറിയിക്കണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക’ – അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം പ്രതികരിക്കാതിരുന്നതിനാലാണ് സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത എത്താന്‍ കാരണം.

അതേസമയം, ഒഡിഷയിലെ ജലേശ്വറില്‍ മലയാളി പുരോഹിതര്‍ക്കു നേരേ നടന്ന ആക്രമണം വര്‍ഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും ഇനിയെങ്കിലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു.

ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍റെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ്. ജാമ്യം ലഭിച്ച് കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയശേഷവും സുരേഷ് ഗോപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി ബിജെപിയുടെ കേരള നേതൃത്വമടക്കം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കേരള പ്രതിനിധികളായ അനൂപ് ആന്‍റണിയടക്കമുള്ളവര്‍ ഛത്തീസ്ഗഡിലേക്ക് പോവുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments