ലോകരാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തില്‍ ഇന്ത്യന്‍ വാഹന വിപണിക്കും കനത്ത നഷ്ടം. ഇന്ത്യയില്‍ നിന്നുള്ള വാഹന ഭാഗങ്ങളുടെ കയറ്റുമതിയിലെ പ്രധാന വിദേശ വിപണിയാണ് അമേരിക്കയിലേത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി നികുതി ട്രംപ് 50 ശതമാനം ഉയര്‍ത്തിയതോടെ ഇന്ത്യന്‍ വാഹന വിപണി 7 ബില്യണ്‍ ഡോളറിന്റെ (61,000 കോടി രൂപ) നഷ്ടം നേരിടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്ന അവസ്ഥയിലാണ് ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകള്‍. ഏലവും കശുവണ്ടിയും കയറും സമുദ്രോല്‍പന്നങ്ങളും സ്വര്‍ണവും വജ്രവും തുണിത്തരങ്ങളുമെല്ലാം അമ്പതു ശതമാനത്തിലേറെ നികുതി നല്‍കേണ്ടി വരുന്നതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതില്‍ പലതിന്റേയും നേരത്തെയുള്ള തീരുവ രണ്ട് ശതമാനമായിരുന്നു. വിവിധ മേഖലകളുടെ പ്രതിസന്ധിയുടെ തുടര്‍ച്ചയാണ് വാഹന ഭാഗങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളും നേരിടുന്നത്.
മെയ് മൂന്ന് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള കാറുകളുടേയും ചെറു ട്രക്കുകളുടേയും അവയുടെ ഭാഗങ്ങളുടേയും ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഈ ആഘാതത്തില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ വാഹന വ്യവസായം നടത്തുന്നതിനിടെയാണ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ വാഹനങ്ങള്‍ക്കും മണ്ണു മാന്തി യന്ത്രങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും പത്തു ശതമാനമായിരുന്ന തീരുവയും 50 ശതമാനമാക്കിയിട്ടുണ്ട്.

