വാഷിംഗ്ടൺ: ട്രംപിൻ്റെ പുതിയ നയത്തിൽ കര്‍ശന മാനദണ്ഡങ്ങളുമായി യുഎസ്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) കുടുംബാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകൾക്കായുള്ള നിബന്ധനകള്‍ കർശനമാക്കുന്ന പുതിയ നിയമം നടപ്പാക്കി. ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാറ്റം കുടുംബമായി കുടിയേറുന്നതിനുള്ള അപേക്ഷകളുടെ ദുരുപയോഗ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ഉദ്ദേശ്യം.
തെറ്റിദ്ധരിപ്പിച്ചുള്ള അപേക്ഷകളിലൂടെ കുടുംബാധിഷ്ഠിത അപേക്ഷകളിലുള്ള വിശ്വാസം നഷ്ടമായതിനാല്‍ ദേശീയ സുരക്ഷയെക്കൂടി മുന്‍നിര്‍ത്തിയാണ് കര്‍ശനമാക്കിയതെന്നാണ് യു.എസ്.സി.ഐ.എസിൻ്റെ ഔദ്യോഗിക പ്രസ്താവന. ഗ്രീൻ കാർഡ് ഉടമകളും യുഎസ് പൗരന്മാരും സ്‌പോൺസർ ചെയ്യുന്ന വിദേശ പങ്കാളികളും ഉൾപ്പെടെയുള്ള എല്ലാ തീർപ്പുകൽപ്പിക്കാത്തതും പുതിയതുമായ എല്ലാ അപേക്ഷകൾക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്.
പുതിയ നിയമ പ്രകാരം പങ്കാളികള്‍, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രീന്‍കാര്‍ഡ് അപേക്ഷകളില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ കൃത്യതയുള്ളതും നിയമപരമായി സാധുതയുള്ളവയും ആയിരിക്കണം. യോഗ്യത, ഫയലിങ്, അഭിമുഖങ്ങൾ എന്നിവയയ്ക്കുശേഷമേ കുടുംബാധിഷ്ഠിത ഹർജികളില്‍ തീരുമാനമെടുക്കൂ. ബന്ധപ്പെട്ട രേഖകള്‍ അപൂര്‍ണമാണെങ്കില്‍ അപേക്ഷകര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കുകയില്ല.
കൂടാതെ, ബന്ധത്തിന്‍റെ ആധികാരികത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ഇനിമുതല്‍ എല്ലാ വിവാഹ അധിഷ്‌ഠിത അപേക്ഷകൾക്കും വ്യക്തിഗത അഭിമുഖങ്ങൾ ഉണ്ടാകും. ദമ്പതികളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങളും ഇതില്‍ ഉൾപ്പെട്ടേക്കാം. ഒരേ ഗുണഭോക്താവ് ഉൾപ്പെട്ട ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളോയെന്നും കര്‍ശനമായി പരിശോധിക്കും. വിവാഹ വഞ്ചനയോ ഇമിഗ്രേഷൻ ദുരുപയോഗമോ കണ്ടെത്തിയാല്‍ നടപടിയെടുക്കും.
വിവാഹത്തിലൂടെ ഒരു ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹബന്ധത്തിന്‍റെ കൃത്യമായ രേഖകള്‍ ഹാജരാക്കണ്ട്, പൊരുത്തമില്ലാത്തതോ അപൂർണ്ണമോ ആയ രേഖകൾ സമർപ്പിക്കുന്നത് ഒഴിവാക്കണം. നേരിട്ടുള്ള അഭിമുഖത്തിന് നന്നായി തയ്യാറെടുക്കുകയും, വീസയിൽ താമസം വരികയാണെങ്കില്‍ നിയമോപദേശം തേടുന്നത് പരിഗണിക്കുകയും വേണം.