വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കെതിരെ ശിക്ഷാ തീരുവ ചുമത്തിയതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന യുഎസ് കോണ്‍ഗ്രസ് അംഗം ഗ്രിഗറി മീക്സ്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ ‘താരിഫ് കോപം’ ഇല്ലാതാക്കുമെന്ന് ഡെമോക്രാറ്റായ സെനറ്റര്‍ ഗ്രിഗറി മീക്സ് മുന്നറിയിപ്പ് നല്‍കി.
‘നമുക്ക് ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും ജനങ്ങളും തമ്മിലുള്ള ബന്ധമുണ്ട്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന പരസ്പര ബഹുമാനത്തോടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു,’
നിലവില്‍ ഇന്ത്യയ്ക്ക് മേല്‍ 50% തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതില്‍ പകുതി വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് പിഴയായി ചുമത്തിയ ബാക്കി പകുതി ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇല്ല, അത് പരിഹരിക്കുന്നതുവരെ വേണ്ട.’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതാണ് യുഎസ് പ്രസിഡന്റിനെ ചൊടിപ്പിക്കുന്നത്. എണ്ണ വിറ്റ് സമ്പാദിക്കുന്ന പണം റഷ്യ, യുക്രെയ്നുമായുള്ള യുദ്ധത്തിനാണ് ചിലവഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ‘റഷ്യയുടെ ദോഷകരമായ പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള യുഎസ് ശ്രമങ്ങളെ ഇന്ത്യയുടെ നീക്കം ദുര്‍ബലപ്പെടുത്തുന്നു’ എന്നും ട്രംപ് പറയുന്നു.

