Thursday, October 9, 2025
HomeNewsഅര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനായി ക്ഷണിക്കാൻ പോയതിനായി 13 ലക്ഷം: ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രിയുടെ...

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനായി ക്ഷണിക്കാൻ പോയതിനായി 13 ലക്ഷം: ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. ടീമിന്‍റെ ക്ഷണപ്രകാരം സ്‌പെയിനിലേക്ക് നടത്തിയ യാത്രക്ക് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എ.എഫ്.എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമുള്ള ആക്ഷേപങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു. സ്‌പെയിന്‍ യാത്രക്ക് 13,04,434 രൂപ സര്‍ക്കാറിന് ചെലവായെന്ന് കായിക വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ലെന്ന് ​ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രി സ്ഥിരീകരിച്ചത്. ലോകചാമ്പ്യന്മാരായ അർജന്റീന ഒക്ടോബർ-നവംബർ വി​ൻഡോയിൽ കേരളത്തിലെത്തുമെന്ന സ്വന്തം ഉറപ്പ് തിരുത്തികൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. ഡിസംബറിൽ ലയണൽ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാർത്തകൾ വന്നിരുന്നു. മുംബൈ, കൊൽക്കത്ത നഗരങ്ങളിലാണ് ​ഇതിഹാസ താരമെത്തുന്നത്. മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തിൽ കേരളമുണ്ടാവില്ലെന്ന് ​ഫുട്ബാൾ വിദഗ്ധർ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തിൽ ഫേസ് ​ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments