വാഷിംഗ്ടണ്‍ : തീരുവ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്കുള്ള സാധ്യതയില്ലെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യയ്ക്ക് മേല്‍ 50% തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതില്‍ പകുതി വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് പിഴയായി ചുമത്തിയ ബാക്കി പകുതി ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇല്ല, അത് പരിഹരിക്കുന്നതുവരെ വേണ്ട.’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതാണ് യുഎസ് പ്രസിഡന്റിനെ ചൊടിപ്പിക്കുന്നത്. എണ്ണ വിറ്റ് സമ്പാദിക്കുന്ന പണം റഷ്യ, യുക്രെയ്‌നുമായുള്ള യുദ്ധത്തിനാണ് ചിലവഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. ‘റഷ്യയുടെ ദോഷകരമായ പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള യുഎസ് ശ്രമങ്ങളെ ഇന്ത്യയുടെ നീക്കം ദുര്‍ബലപ്പെടുത്തുന്നു’ എന്നും ട്രംപ് പറയുന്നു.
അതോടൊപ്പം, ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ തനിക്ക് പങ്കുണ്ടെന്ന് ഇന്ത്യ അംഗീകരിക്കാത്തതും ട്രംപിനെ ചൊടിപ്പിക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്ത സുഹൃത്തുക്കളെന്ന് പരസ്പരം വിശേഷിപ്പിക്കുന്ന മോദിയും ട്രംപും തീരുവ വിഷയത്തില്‍ രണ്ട് ധ്രുവങ്ങളിലാണ്. മോദിക്കെതിരെ പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധവുമാക്കുന്നുണ്ട്.

