Monday, December 8, 2025
HomeAmericaആണവക്കരാറില്‍ നിന്ന് പിന്മാറി റഷ്യയും അമേരിക്കയും: ആശങ്കകൾ അറിയിച്ച് രാജ്യങ്ങൾ

ആണവക്കരാറില്‍ നിന്ന് പിന്മാറി റഷ്യയും അമേരിക്കയും: ആശങ്കകൾ അറിയിച്ച് രാജ്യങ്ങൾ

ന്യൂഡല്‍ഹി : യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് റഷ്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. 1987ല്‍ യുഎസുമായി ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) എന്ന കരാറില്‍ നിന്നാണ് പിന്മാറ്റം. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വമധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കരാറായിരുന്നു ഇത്. 1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് സമ്മര്‍ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസം. മാത്രമല്ല, ഇരു രാജ്യ നേതാക്കളും അടുത്തിടെ അണവ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നുള്ള ട്രംപിന്റെ പ്രസ്താവന റഷ്യയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന് മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് തിരിച്ചടിക്കുകയും ചെയ്തു. ഇതോടെയാണ് റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കുന്നത്.അതേസമയം, സ്ഥാനാരോഹണത്തിന് പിന്നാലെ റഷ്യയോട് മൃദു സമീപനം കാട്ടിയ പ്രസിഡന്റ് ട്രംപ് , യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയുമായി അകല്‍ച്ചയിലാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യയ്ക്കെതിരെയും ട്രംപ് പ്രതികാര നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യക്കും റഷ്യക്കുമെതിരെ കടുത്ത പദപ്രയോഗങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അവരുടെ ചത്ത സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ചു നശിക്കാം’ എന്നും താനതു കാര്യമാക്കില്ലെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കല്‍പിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്വദേവ് മറുപടി നല്‍കിയത്.‘പാശ്ചാത്യ രാജ്യങ്ങളുടെ നടപടികള്‍’ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു.റഷ്യ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഎസ് 2019ല്‍ കരാറില്‍നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ യുഎസ് പ്രകോപനമുണ്ടാക്കാത്തിടത്തോളം തങ്ങളും സംയമനം പാലിക്കുമെന്നാണ് റഷ്യയുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments