Thursday, November 20, 2025
HomeAmericaഇന്ത്യൻ നിർമ്മിത ഐഫോണുകൾ അമേരിക്കക്ക് തലവേദനയാകുമോ?: തീരുവ യുദ്ധം ആശങ്കയോടെ നോക്കി ട്രംപ്

ഇന്ത്യൻ നിർമ്മിത ഐഫോണുകൾ അമേരിക്കക്ക് തലവേദനയാകുമോ?: തീരുവ യുദ്ധം ആശങ്കയോടെ നോക്കി ട്രംപ്

യുഎസ് വിപണിക്കുള്ള ഐഫോണ്‍ നിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ വെളിപ്പെടുത്തല്‍. ആപ്പിളിന്റെ നിര്‍മ്മാണ മാറ്റത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടും, കഴിഞ്ഞ പാദത്തില്‍ അതായത് രണ്ടാം പാദത്തില്‍ യുഎസില്‍ വിറ്റഴിച്ച മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നത് വലിയൊരു വളര്‍ച്ചയുടെ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകള്‍. മുന്‍വര്‍ഷം ഇതേകാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ ഉത്പാദകര്‍ സര്‍ക്കാരിനു കൈമാറിയ കണക്കുകള്‍പ്രകാരമാണിത്.

ജൂലൈ 31 ന് ആപ്പിളിന്റെ ത്രൈമാസ ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം സംസാരിച്ച കുക്ക്, യുഎസ് വിപണിയിലെ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും അതേസമയം ചൈന, യുഎസ് ഇതര മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.

മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ തുടങ്ങിയ മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ യുഎസ് വിപണിയിലേക്കെത്തുന്നത് പ്രധാനമായും വിയറ്റ്‌നാമില്‍ നിന്നാണെന്നും മറ്റ് രാജ്യങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് വരുന്നതെന്നും ആപ്പിള്‍ സിഇഒ പറയുന്നു.

അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നതിനെ ട്രംപ് എതിര്‍ത്തിരുന്നു. ടിം കുക്കുമായി എനിക്ക് ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു… എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയില്‍ പെരുമാറുന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു… പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്നത് എനിക്ക് ഇഷ്ടമല്ല.”- ഈ വര്‍ഷം മെയ് മാസത്തില്‍ ദോഹ സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് പറഞ്ഞതിങ്ങനെ.

അടുത്തിടെയായി ഇന്ത്യയോട് വ്യാപാരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് ട്രംപ്. കഴിഞ്ഞ ആഴ്ച, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25% തീരുവ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഇപ്പോള്‍ പരസ്പര താരിഫുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഭാവിയില്‍ ഇതിന് മാറ്റംവരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഉല്‍പ്പാദന അടിത്തറ എന്ന നിലയില്‍ മാത്രമല്ല, വളരുന്ന വിപണി എന്ന നിലയിലും ആപ്പിളിന് ഇന്ത്യയിലുള്ള പ്രതീക്ഷ അധികമാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് ഐഫോണ്‍ വില്‍പ്പനയില്‍ നിന്ന് ആപ്പിളിന് റെക്കോര്‍ഡ് വരുമാന വളര്‍ച്ചയുണ്ടെന്ന് ആപ്പിള്‍ സിഇഒ തന്നെ പറയുന്നത് ഇതിന് തെളിവാണ്. ആഗോളതലത്തില്‍, ആപ്പിള്‍ ത്രൈമാസ വരുമാനത്തില്‍ 10% വര്‍ധനവ് രേഖപ്പെടുത്തി, 94 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ പാദത്തില്‍ ആപ്പിള്‍ റെക്കോര്‍ഡ് വരുമാനം നേടിയ രണ്ട് ഡസനിലധികം രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുക്ക് പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ തുറന്ന് ഇന്ത്യയില്‍ തങ്ങളുടെ റീട്ടെയില്‍ സാന്നിധ്യം വികസിപ്പിക്കാനും ആപ്പിളിന് പദ്ധതികളുണ്ടെന്ന് കുക്ക് വെളിപ്പെടുത്തി.

യുഎസ് താരിഫുകളുടെ ആഗോള ആഘാതത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, സ്ഥിതി ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയാണെന്നും ‘ജൂണ്‍ പാദത്തില്‍, താരിഫ് സംബന്ധമായ ചെലവുകള്‍ ഏകദേശം 800 മില്യണ്‍ ഡോളറായെന്നും ടിം കുക്ക് പറഞ്ഞു. സെപ്റ്റംബര്‍ പാദത്തില്‍, നിലവിലെ രീതി അനുസരിച്ച് ചെലവുകളില്‍ ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കണക്കാക്കുന്നുവെന്നും കുക്ക് വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments