വാഷിംഗ്‌ടൺ : യുഎസിൽ ടൂറിസ്റ്റ് വീസയ്ക്കും ബിസിനസ് വീസയ്ക്കും അപേക്ഷിക്കുന്നവരിൽനിന്ന് 15,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വരെ ബോണ്ട് ആവശ്യപ്പെടാനൊരുങ്ങുകയാണ് യുഎസ് വിദേശകാര്യ മന്ത്രാലയം. വീസ കാലാവധി കഴിഞ്ഞവർ രാജ്യത്തു തുടരുന്നതു തടയാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമാണിതും. പുതിയ നീക്കം ലക്ഷ്യമിടുന്നതെന്ത്? ആരെയൊക്കെ ബാധിക്കും ? വിശദമായറിയാം.
ഓഗസ്റ്റ് 20 മുതൽ 12 മാസത്തേക്ക് ബി–1 (ബിസിനസ് വീസ), ബി–2 (ടൂറിസ്റ്റ് വീസ) വീസകൾക്ക് അപേക്ഷിക്കുന്ന ചില വ്യക്തികളിൽനിന്നാണ് ബോണ്ട് ആവശ്യപ്പെടുകയെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കാലാവധി കഴിഞ്ഞും യുഎസിൽ തങ്ങുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമിട്ടാണ് നടപടി.
‘കുടിയേറ്റത്തിനായി അല്ലാതെയുള്ള വീസ അപേക്ഷകരിൽനിന്ന് കോൺസുലർ ഓഫിസർമാർ 15,000 ഡോളർ വരെയുള്ള ബോണ്ട് ആവശ്യപ്പെടണം’–എന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഫെഡറൽ റജിസ്റ്റർ നോട്ടിസിൽ പറയുന്നു. 5,000 ഡോളറാണ് ഏറ്റവും കുറഞ്ഞ ബോണ്ട്. വീസ കാലാവധി കഴിഞ്ഞ് യുഎസിൽനിന്നു മടങ്ങുമ്പോൾ ഈ തുക തിരികെ ലഭിക്കും. എന്നാൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യുഎസിൽ തുടരുകയാണെങ്കിൽ ഈ തുക കണ്ടുകെട്ടും.
പൈലറ്റ് പദ്ധതി പ്രകാരം ബി1, ബി2 വീസകൾക്ക് മാത്രമാണ് ബോണ്ട് ഏർപ്പെടുത്തുക. തിരഞ്ഞെടുത്ത വിമാനത്താവളങ്ങൾ വഴി മാത്രമേ ഇവർക്ക് യുഎസിലേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനുമാകൂ.
കാലാവധി കഴിഞ്ഞും യുഎസിൽ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നടപടി കൂടുതൽ ബാധിക്കുക. യുഎസ് ആഭ്യന്തര സുരക്ഷ വിഭാഗം (ഡിഎച്ച്എസ്) 2023ൽ പ്രസിദ്ധീകരിച്ച ഹൈ വീസ ഓവർസ്റ്റേ റേറ്റുള്ള രാജ്യങ്ങളുടെ പട്ടിക പ്രകാരമായിരിക്കും ഇത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളാണ് ഇതിലുള്ളതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഛാഡ്, എറിട്രിയ, മ്യാൻമർ, ഹെയ്തി, യെമൻ, ജിബൂട്ടി, ടോഗോ, ബുറുൻഡി എന്നീ രാജ്യങ്ങളാണ് ഹൈ വീസ ഓവർസ്റ്റേ പട്ടികയിലുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വീസ അപേക്ഷ് പരിശോധനയിൽ വീഴ്ചയുളള രാജ്യങ്ങൾ, വിദേശനയങ്ങൾ പ്രകാരമോ നിയമാധിഷ്ഠിത മാനദണ്ഡങ്ങൾ അനുസരിച്ചോ അല്ലാതെ നിക്ഷേപങ്ങളിലൂടെ പൗരത്വം നൽകുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും ബോണ്ട് നൽകേണ്ടി വരും.എത്ര പേരെയാകും ബോണ്ട് ബാധിക്കുക എന്നു കൃത്യമായി പറയാനാവില്ലെന്നാണ് യുഎസ് വിദേശകാര്യ വിഭാഗം പറയുന്നത്. എന്നാൽ ബോണ്ട് ആവശ്യപ്പെടുന്നതിന്റെ മാനദണ്ഡങ്ങൾ, ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാകും തുടങ്ങിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും വിദേശകാര്യ വിഭാഗം വക്താവ് പറഞ്ഞു.

