Friday, December 5, 2025
HomeIndiaആനയെ അംബാനി കൊണ്ടുപോയി 'ജിയോ ബഹിഷ്‍കരിക്കുക'പ്രതിഷേധവുമായി ഗ്രാമവാസികൾ

ആനയെ അംബാനി കൊണ്ടുപോയി ‘ജിയോ ബഹിഷ്‍കരിക്കുക’പ്രതിഷേധവുമായി ഗ്രാമവാസികൾ

കോലാപ്പൂരിലെ നന്ദിനി ഗ്രാമത്തിൽ ജെയിൻ ഭട്ടാരക് പട്ടാചാര്യ മഠത്തിലെ 36 വയസ്സുള്ള പിടിയാനയായ മഹാദേവിയെ ജാംനഗറിലെ വൻതാരയിലെ രാധേ കൃഷ്ണ ക്ഷേത്ര ആന ക്ഷേമ ട്രസ്റ്റിലേക്ക് മാറ്റിയതിൽ കടുത്ത പ്രതിഷേധവുമായി പ്രദേശവാസികൾ.ആനയെ ഗുജറാത്തിലെ ജാംനഗറിലെ ആന സങ്കേതത്തിലേക്ക് മാറ്റാനുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനം ശരിവെച്ച ബോംബെ ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് മഠം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ, പതിനായിരത്തിലധികം വരുന്ന ഗ്രാമീണർ അവരുടെ പ്രിയപ്പെട്ട ആനയെ യാത്രയാക്കാൻ ഒത്തുകൂടി. ആനയെ മുകേഷ് അംബാനിയുടെ മകന്റെ ​ഉടമസ്ഥതയിലുള്ള വൻതാരയിലേക്ക് കൊണ്ടുപോകുന്ന തീരുമാനത്തോട് വിയോജിപ്പുള്ള ഗ്രാമീണർ ആനയെ കൊണ്ടുപോകാനെത്തിച്ച മൃഗ ആംബുലൻസും മറ്റു വാഹനങ്ങളും കല്ലെറിഞ്ഞ് തകർത്തു. സ്ഥിതിഗതികൾ വഷളായതോടെ മഠാധിപതി ജെയിൻ ഭട്ടാരക് പട്ടാചാര്യ ജനക്കൂട്ടത്തോട് ശാന്തരാകാനും സുപ്രീം കോടതി ഉത്തരവിനെ മാനിക്കണമെന്നും അഭ്യർഥിച്ചു.

മഹാദേവിയെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നന്ദിനി ഗ്രാമവാസികൾ ‘ജിയോ ബഹിഷ്കരിക്കുക’ എന്ന കാമ്പയിനും തുടങ്ങി. പതിനായിരത്തിലധികം ഗ്രാമവാസികൾ അവരുടെ ജിയോ സിം കാർഡുകൾ മറ്റു നെറ്റ് വർക്കുകളിലേക്ക് പോർട്ട് ചെയ്തതായാണ് റിപ്പോർട്ട്. ആനയുടെ മാറ്റത്തിന് പിറകിൽ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വൻതാരയാണെന്നും റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ഇതിനെ പിന്തുണക്കുന്നുവെന്നും ആരോപിച്ചായിരുന്നു കൂട്ട ജിയോ നെറ്റ് വർക്ക് ബഹിഷ്‍കരണം.

ജിയോയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവിനോട് ഒരു ഗ്രാമീണൻ സംസാരിക്കുന്ന ഓഡിയോ കോൾ വൈറലായി. ‘ഞങ്ങളുടെ ഗ്രാമത്തിലെ ആനയെ നിങ്ങളുടെ മുതലാളി കൊണ്ടുപോയി. അതിന് നിങ്ങളുടെ മുതലാളിക്കുള്ള ഞങ്ങളുടെ ആദ്യത്തെ തിരിച്ചടിയാണിത്’.1992 മുതൽ ആനയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും മതപരമായ പരിപാടികളിൽ അതിന്റെ സാന്നിധ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും കോലാപ്പുർ ആസ്ഥാനമായുള്ള ട്രസ്റ്റ് വാദിച്ചെങ്കിലും ആന​യുടെ പരിചരണത്തിൽ വന്ന പിഴവുകൾ നിരത്തി റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറിയിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ആനയുടെ ഇടുപ്പ് സന്ധികളിലും മറ്റ് ചില ശരീരഭാഗങ്ങളിലും ചട്ടവ്രണം പോലുള്ള മുറിവുകളുണ്ടായിരുന്നതായി വ്യക്തമായി.

തുടർന്നാണ് ജൂലൈ 16ന്, ആനയെ ഗുജറാത്ത് ആസ്ഥാനമായുള്ള കേന്ദ്രത്തിലേക്ക് മാറ്റാൻ എച്ച്.പി.സിയുടെ തീരുമാനം ബോംബെ ഹൈകോടതി ശരിവെച്ചത്. മതപരമായ ആവശ്യങ്ങൾക്കായി ആനയെ ഉപയോഗിക്കാനുള്ള മനുഷ്യരുടെ അവകാശത്തേക്കാൾ, ഗുണനിലവാരമുള്ള ജീവിതത്തിനുള്ള ആനയുടെ അവകാശത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു ട്രസ്റ്റിന് കീഴിൽ ആനയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടതായി ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് അവരുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.ആനയെ രാധേ കൃഷ്ണ എലിഫന്റ് വെൽഫെയർ ട്രസ്റ്റിന് കൈമാറാൻ എച്ച്.പി.സി 2024 ഡിസംബറിലും 2025 ജൂണിലും പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ മഠം സമർപ്പിച്ച ഹരജി കോടതി തള്ളി. ആനയുടെ അവസ്ഥയെക്കുറിച്ച് പെറ്റ നൽകിയ പരാതിയെ തുടർന്നാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments