കനത്ത മഴയെത്തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ മെഴ്‌സിഡീസ് കാർ തകരാറിലായതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗാസിയാബാദ് സ്വദേശി മുനിസിപ്പൽ കമ്മീഷണർക്ക് വക്കീൽ നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് പരാതിക്ക് ആസ്പദമായ സംഭവം.
വാർത്താ ഏജൻസിയായ പിടിഐയുടെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വസുന്ധര നിവാസിയായ അമിത് കിഷോറിൻ്റെ മെഴ്‌സിഡീസ് കാർ ജൂലായ് 23-ന് സാഹിബാബാദിലെ വെള്ളക്കെട്ടുള്ള റോഡിൽ കുടുങ്ങിപ്പോവുകയായിരുന്നു. ലജ്പത് നഗറിലേക്ക് പോകുന്നതിനിടെ, ശ്യാം പാർക്ക് എക്സ്റ്റൻഷന് സമീപം കനത്ത വെള്ളക്കെട്ടിൽ കുടുങ്ങി തൻ്റെ മെഴ്‌സിഡീസ് GLA 200D നിശ്ചലമായെന്ന് കിഷോർ പറയുന്നു.
‘റോഡിൻ്റെ ഒരു ഭാഗം മുഴുവൻ വെള്ളത്തിൽ മുങ്ങിയെന്നും ഓട സംവിധാനം പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഒടുവിൽ, ഒരു ടോ ട്രക്കിൽ കയറ്റി വാഹനം നോയിഡയിലെ സർവീസ് സെൻ്ററിലേക്ക് മാറ്റേണ്ടി വന്നു. അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018-ൽ 60 ലക്ഷം രൂപയ്ക്കാണ് താൻ ഈ വാഹനം വാങ്ങിയതെന്നും കിഷോർ പറഞ്ഞു.
15 ദിവസത്തിനകം മുനിസിപ്പൽ കോർപ്പറേഷൻ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ പൊതുതാൽപ്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഴിമതിയെക്കുറിച്ച് ലോകായുക്ത അന്വേഷണം ആവശ്യപ്പെടുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസ് ഫയൽ ചെയ്യാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. തൻ്റെ ഈ നടപടി വ്യക്തിപരമായ നഷ്ടത്തിന് അപ്പുറം, പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിനും നഗരസഭാ അധികാരികളെ ഉത്തരവാദികളാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മുനിസിപ്പൽ കമ്മീഷണർ വിക്രമാദിത്യ മാലിക് രംഗത്തുവന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ചതിനാൽ വാഹനത്തിനുണ്ടായ കേടുപാടുകളുടെ ഉത്തരവാദിത്തം കാർ ഉടമയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഒട്ടേറെ കാറുകൾ ഇതേ റോഡിലൂടെ സമാനമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയതായും മുനിസിപ്പൽ കമ്മീഷണർ ചൂണ്ടിക്കാട്ടി.

