ഫ്‌ളോറിഡ: 2019-ല്‍ ഒരാളുടെ ജീവനെടുത്ത മാരകമായ അപകടമുണ്ടാക്കിയത് കാറിലെ ‘ഓട്ടോപൈലറ്റ്’ സംവിധാനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇലോണ്‍ മസികിന്റെ ടെസ്ലയോട് 242 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി.കീ ലാര്‍ഗോയില്‍ യുവതിയുടെ മരണത്തിനും കാമുകന് പരുക്കേറ്റതും കാറിലെ ഡ്രൈവര്‍ സഹായ സാങ്കേതികവിദ്യയായ ‘ഓട്ടോപൈലറ്റ്’ ഉണ്ടാക്കിയ പിഴവുമൂലമാണ് എന്നായിരുന്നു ടെസ്ലയ്‌ക്കെതിരായ കേസില്‍ ഉണ്ടായിരുന്നത്. നൈബല്‍ ബെനാവിഡെസ് ലിയോണ്‍ എന്ന യുവതിയാണ് മരണപ്പെട്ടത്, ഇവരുടെ കാമുകന്‍ ഡില്ലണ്‍ ആംഗുലോയ്ക്ക് ഗുരുതരമായി പരിക്കേറ്റല്‍ക്കുകയും ചെയ്തിരുന്നു.
അപകടത്തിന് ടെസ്ലയുടെ സിസ്റ്റം ഭാഗികമായി ഉത്തരവാദിയാണെന്ന് ഫ്‌ലോറിഡ ജൂറി കണ്ടെത്തി. കോടതി രേഖകള്‍ പ്രകാരം 200 മില്യണ്‍ ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും ലിയോണിന്റെ കുടുംബത്തിന് 59 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും ആംഗുലോയ്ക്ക് 70 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും നല്‍കാനാണ് വിധി.
ജോര്‍ജ്ജ് മക്ഗീ എന്ന ആളായിരുന്നു അപകടസമയത്ത് ടെസ്ല വാഹനത്തിന്റെ ഡ്രൈവര്‍. ടെസ്ല ഒരു ഷെവര്‍ലെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തില്‍ ഇടിച്ചുകയറി ലിയോണ്‍ മരണപ്പെടുകയായിരുന്നു. നീതി നടപ്പായി എന്ന് ആംഗുലോയുടെയും ലിയോണിന്റെയും കുടുംബത്തെ പ്രതിനിധീകരിച്ച നിയമ സ്ഥാപനത്തിലെ അഭിഭാഷകന്‍ ഡാരന്‍ ജെഫ്രി റൂസോ പ്രതികരിച്ചു.
അതേസമയം, കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ടെസ്ലയുടെ അഭിഭാഷകര്‍ പറഞ്ഞത്. ‘ഇന്നത്തെ വിധി തെറ്റാണ്, വാഹന സുരക്ഷയെ പിന്നോട്ടടിക്കാനും ജീവന്‍ രക്ഷിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനും നടപ്പിലാക്കാനുമുള്ള ടെസ്ലയുടെയും മുഴുവന്‍ വ്യവസായത്തിന്റെയും ശ്രമങ്ങളെ അപകടത്തിലാക്കാനും മാത്രമേ ഇത് സഹായിക്കൂ,’- ടെസ്ലയുടെ നിയമസംഘം പ്രതികരിച്ചു. മാത്രമല്ല ഫോണില്‍ ശ്രദ്ധിച്ച് ഓട്ടോപൈലറ്റിനെ മറികടന്ന് ആക്‌സിലലേറ്ററില്‍ കാല്‍ അമര്‍ത്തി വേഗതയില്‍ വാഹനമോടിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നും, ഡ്രൈവറാണ് തെറ്റുകാരനെന്നും ടെസ്ല ആരോപിച്ചു.

