Monday, December 23, 2024
HomeBreakingNews‘മുഖ്യമന്ത്രി എന്നെ കള്ളക്കടത്തുകാരിൽ ഒരാളായി ചിത്രീകരിച്ചു, ഇനി നിയമവഴിക്ക്’; വീണ്ടും വിമർശനവുമായി അൻവർ

‘മുഖ്യമന്ത്രി എന്നെ കള്ളക്കടത്തുകാരിൽ ഒരാളായി ചിത്രീകരിച്ചു, ഇനി നിയമവഴിക്ക്’; വീണ്ടും വിമർശനവുമായി അൻവർ

നിലമ്പൂർ: സി.പി.എമ്മിന്‍റെ വിലക്ക് ലംഘിച്ച് വീണ്ടും മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യപ്രസ്താവനയുമായി എം.എൽ.എ പി.വി. അൻവർ. മരംമുറികേസും എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയിലല്ലെന്നും സ്വർണക്കടത്തുകാർക്ക് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പാർട്ടി പറഞ്ഞതു വിശ്വസിച്ചു. അതിനാൽ നിർദേശം പാലിച്ചു. എന്നാൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. എ.ഡി.ജി.പിക്കെതിരായ അന്വേഷണവും ശരിയായ ദിശയില്ല. സ്വർണക്കടത്തു കേസിൽ ഒന്നും വ്യക്തമല്ല. റിദാൻ വധക്കേസിലും പൊലീസ് നടത്തിയ അന്വേഷണം ശരിയല്ല.

പാർട്ടിയിലായിരുന്നു എന്‍റെ പ്രതീക്ഷ. ഒന്ന് അന്വേഷിക്കട്ടെ എന്നു പോലും പാർട്ടി സെക്രട്ടറി പറഞ്ഞില്ല. എല്ലാ ഉറപ്പുകളും പാർട്ടി ലംഘിച്ചു. പാർട്ടിയിലെ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ചാണ് ഇവിടെവരെ എത്തിയത്. എന്നാൽ അവരുടെ വിഷയങ്ങൾ പരിശോധിക്കാൻ പാർട്ടി തയാറല്ല. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽനിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. പി. ശശിക്കെതിരെ അന്വേഷണം നടത്തിയില്ലെന്നു മാത്രമല്ല, തന്നെ അപമാനിക്കുന്ന രീതിയിൽ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രസ്താവന നടത്തി. മുഖ്യമന്ത്രി കള്ളക്കടത്തുകാരിൽ ഒരാളായി ചിത്രീകരിക്കുകയാണ് ചെയ്തത്. ഇനി നിയമവഴിക്ക് പോകാനാണ് തീരുമാനമെന്നും പരാതിയുമായി ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തനിക്കെതിരെ പരാമർശങ്ങളുന്നയിച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്നും യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പി.വി. അൻവർ പറഞ്ഞു. പി. ശശിയും എ.ഡി.ജി.പിയും എഴുതിക്കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ തനിക്ക് ഡാമേജുണ്ടാക്കി. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയാറായില്ല. പാർട്ടി തനിക്ക് നൽകിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ഇനി വിശ്വാസം കോടതിയിലാണെന്നും താൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.

പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് അൻവർ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം വിളിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അൻവർ പറഞ്ഞു. പരസ്യപ്രസ്‍താവന പാടി​ല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ച് പി.വി. അൻവർ എം.എൽ.എ. വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണു​മെന്ന് ഫേസ്ബുക്കിലൂടെയാണ് അൻവർ അറിയിച്ചത്.

നേരത്തെ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ അൻവർ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. എന്നാൽ കാര്യമായ അന്വേഷണം നടത്താൻ പാർട്ടി തയാറായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments