ന്യൂഡല്‍ഹി: ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാർ. ‘യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണ്’ കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഏതാനും മാസങ്ങളായി പരസ്പരം പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യയും യുഎസും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രം വ്യക്തമാക്കി.
‘കര്‍ഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നു’ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

