വാഷിംഗ്ടണ്‍ : ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് ഇന്ത്യ പിഴയോടൊപ്പം 25 ശതമാനം തീരുവയും നല്‍കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വൻ വ്യാപാരക്കമ്മി യാണെന്നും വ്യക്തമാക്കിയാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച വൈറ്റ് ഹൗസില്‍ ഒരു പത്രസമ്മേളനത്തിനിടെ, റഷ്യയെ പിന്തുണച്ചതിന് ഇന്ത്യയ്ക്ക് മേല്‍ അദ്ദേഹം ചുമത്തിയ അധിക പിഴ എന്താണെന്നും മറ്റ് രാജ്യങ്ങളും ഇതേ ഭീഷണി നേരിടുന്നുണ്ടോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചിരുന്നു. ഇന്ത്യ ബ്രിക്‌സില്‍ അംഗമായതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ട്രംപിന്റെ മറുപടി. ലോകമെമ്പാടുമുള്ള പതിനൊന്ന് വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ ഒരു കൂട്ടമായ ബ്രിക്‌സ് ഡോളറിനെതിരായ ഒരു ഇപ്പോള്‍ ആക്രമണമാണ് നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു, ഇത് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം ഭീഷണിമുഴക്കി.
”ശരി, നമ്മള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, അതും ബ്രിക്‌സ് ആണ്. അടിസ്ഥാനപരമായി അമേരിക്കയെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്‌സ്, ഇന്ത്യയും അതില്‍ അംഗമാണ്, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍… ഇത് ഡോളറിനെതിരായ ആക്രമണമാണ്, ഡോളറിനെ ആക്രമിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ ഇത് ഭാഗികമായി ബ്രിക്‌സ് ആണ്, ഭാഗികമായി വ്യാപാരവും,” – ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘സുഹൃത്താണ്’ എങ്കിലും, ഇന്ത്യ ലോകത്തിലെ ‘ഏറ്റവും ഉയര്‍ന്ന താരിഫ്’ ഉള്ള രാജ്യമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു, യുഎസിന് ഇന്ത്യയുമായി ‘വലിയ’ വ്യാപാര കമ്മിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ക്ക് വലിയൊരു കമ്മി ഉണ്ടായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ, പ്രധാനമന്ത്രി മോദി എന്റെ ഒരു സുഹൃത്താണ്, പക്ഷേ അവര്‍ ഞങ്ങളുമായി വലിയ ബിസിനസ്സ് നടത്തുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ധാരാളം വില്‍ക്കുന്നു, പക്ഷേ ഞങ്ങള്‍ അവരില്‍ നിന്ന് വാങ്ങുന്നില്ല. എന്തുകൊണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കാരണം താരിഫ് വളരെ ഉയര്‍ന്നതാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ഒന്നാണ് അവര്‍ക്കുള്ളത്. ഇപ്പോള്‍, അവര്‍ അത് ഗണ്യമായി കുറയ്ക്കാന്‍ തയ്യാറാണ്. പക്ഷേ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുമായി സംസാരിക്കുകയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഈ ആഴ്ച അവസാനം നിങ്ങള്‍ക്ക് മനസ്സിലാകും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ കൂടാതെ, ബ്രിക്‌സില്‍ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.