സന: നിമിഷപ്രിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.
വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയതിരുന്നു. എന്നാൽ വിഷയത്തിൽ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
യെമെൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലാണ് സംഭവം. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിലവിൽ യെമെൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.