ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ‘പ്രധാന മുന്‍ഗണന’ എന്ന് ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ നാറ്റോയ്ക്ക് മുന്നറയിപ്പ് നല്‍കി.
റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ സംഭരണം ദേശീയ താല്‍പ്പര്യങ്ങളെയും വിപണി സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും രാജ്യം വ്യക്തമാക്കി.
റഷ്യയുമായി വ്യാപാരം തുടരുകയാണെങ്കില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇത് ഈ രാജ്യങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ റട്ടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്, സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഞങ്ങളുടെ ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വിപണിയില്‍ എന്താണ് ലഭ്യമായതെന്നും നിലവിലെ ആഗോള സാഹചര്യങ്ങളുമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നോക്കുന്നത്. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇരട്ടത്താപ്പിനെതിരെ ഞങ്ങള്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം ചേര്‍ത്തു.

