മസ്‌കറ്റ് : ഒമാനിൽ ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം ശക്തമാകുന്നു. വാണിജ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള ഫാർമസികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഫാർമസിസ്റ്റുകളും അവരുടെ സഹായികളും നിർബന്ധമായും ഒമാനികളായിരിക്കണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ മന്ത്രാലയം പുറത്തിറക്കി.
നിലവിൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസൻസുകൾ ഇനി പുതുക്കില്ല. ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർധിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ജനസംഖ്യയുമായി ഡോക്ടർമാരുടെ അനുപാതത്തിലും മാറ്റമുണ്ടായി. മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. സർക്കാർ മേഖലയിൽ സ്വദേശിവത്കരണം 72 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തി.