ന്യൂഡൽഹി∙ ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ഡ്രാഗൺ ഗ്രേസ് എന്ന പേടകം അൺഡോക്കിങ് പൂർത്തിയാക്കി നിലയത്തിൽനിന്നു വേർപെട്ടു. ശുഭാംശു ഉൾപ്പെടെ നാലുപേരും പേടകത്തിന് അകത്തുകയറി 2.37ന് ഹാച്ച് ക്ലോഷ്വർ പൂർത്തിയായിരുന്നു.
നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും (സ്പ്ലാഷ് ഡൗൺ). രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസങ്ങൾക്കുശേഷമാണ് മടങ്ങിവരവ്. തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു.
നിലയത്തിൽനിന്നു വേർപെടുന്ന പേടകം പലവട്ടം ഭൂമിയെ ചുറ്റും. പേടകം കലിഫോർണിയയുടെ തീരത്ത് സ്പ്ലാഷ് ഡൗൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിക്കു മുകളിൽ ഈ സ്ഥലത്ത് എത്തിയശേഷമാണ് നമ്മുടെ അറ്റ്മോസ്ഫിയറിലേക്ക് പേടകം പ്രവേശിക്കുന്നത്. ഭൂമിയിൽനിന്ന് 350 കിലോമീറ്റർ എത്തുമ്പോൾ ഡീഓർബിറ്റ് ബേൺ നടക്കും.
വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെക്കൂടാതെ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റു യാത്രക്കാർ. ആക്സിയം 4 ദൗത്യത്തിന്റെ അൺഡോക്കിങ് നാസയും ആക്സിയം സ്പേസ് കമ്പനിയും തത്സമയം സംപ്രേഷണം ചെയ്യും

