ന്യൂഡൽഹി: വിസ അനുവദിച്ചതിനു ശേഷം സ്ക്രീനിങ്ങ് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യയിലെ യു.എസ് എംബസി. യു.എസ് നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കാത്തവരുടെ വിസ റദ്ദാക്കുമെന്നും നാടുകടത്തുമെന്നും എംബസി വ്യക്തമാക്കി. ദേശീയ സുരക്ഷയാണ് യു.എസിന് പ്രധാനമെന്നും എംബസി പറഞ്ഞു.
യു.എസിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ അപേക്ഷകരെയും നിരന്തരം പരിശോധിക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ വിസ റദ്ദാക്കും. അതിനു പുറമെ നാടുകടത്തൽ നടപടിക്കും വിധേയരാക്കും. നിയമവിരുദ്ധമായി ആരും യു.എസിലേക്ക് തടയാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. അതിനാൽ വ്യാജ വിവരങ്ങള്‍ നല്‍കി രാജ്യത്തെത്തിയാല്‍ ഭാവിയില്‍ വിസ റദ്ദാക്കാനാണ് സാധ്യത.
ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട് അടുത്തിടെ ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചിരുന്നു. മേയ് 27ന് ലോകവ്യാപകമായുള്ള എല്ലാ കോണ്‍സുലേറ്റുകളോടും പുതിയ വിദ്യാർഥി വിസ അഭിമുഖങ്ങളും എക്സ്ചേഞ്ച് വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകളും നിര്‍ത്താനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡിനു ശേഷം ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ അനുവദിക്കുന്നത് യു.എസ് കുറച്ചിരുന്നു. യു.എസ് സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാർഥികളാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്.

