വാഷിങ്ടൻ : യുഎസിൽ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്ബിഐ) ഏജന്‍സി അറസ്റ്റുചെയ്ത എട്ടു ഖലിസ്ഥാൻ തീവ്രവാദികളില്‍ ഒരാള്‍ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള വ്യക്തിയെന്ന് വിവരം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പവിത്തർ സിങ് ബട്ട്‌ലയെ ആണ് എഫ്ബിഐ പിടികൂടിയത്.
യുഎസില്‍ സ്ഥിരതാമസമാക്കിയ, പഞ്ചാബില്‍ നിന്നുള്ള അധോലോകനേതാവാണ് ഇയാൾ. നിരോധിത ഭീകരവാദ സംഘടനയായ ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ (ബികെഐ) അംഗമാണ് പവിത്തര്‍ സിങ് ബട്ട്ല. ദില്‍പ്രീത് സിങ്, അമൃത്പാല്‍ സിങ്, അഷ്പ്രീത് സിങ്, മന്‍പ്രീത്രണ്‍ധാവ, സരബ്ജിത് സിങ്, ഗുര്‍താജ് സിങ്, വിശാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.
കലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് യുഎസിന്റെ പല ഭാഗങ്ങളില്‍നിന്നായി എട്ടു കുറ്റവാളികളെ പിടികൂടിയത്. തട്ടിക്കൊണ്ടു പോകല്‍, പീഡനം, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാക്ഷിയെ ഭീഷണിപ്പെടുത്തല്‍, തോക്ക് ഉപയോഗിച്ചുള്ള കയ്യേറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സാന്‍ ജോക്വിന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. മെഷീന്‍ ഗണ്‍, റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വെടിയുണ്ട നിറച്ച ഹാന്‍ഡ് ഗണ്‍, ഫുള്ളി ഓട്ടമാറ്റിക് ഗ്ലോക് അടക്കം ആറു തോക്കുകള്‍, വ്യത്യസ്തമായ വെടിക്കോപ്പുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.


