Thursday, November 20, 2025
HomeAmericaട്രംപ് ആവശ്യപ്പെടുന്നോളം കാലം കൂടെ ഉണ്ടാവും; രാജി ആലോചനകൾ വെറും ഊഹാപോഹങ്ങൾ: എഫ്.ബി.ഐ....

ട്രംപ് ആവശ്യപ്പെടുന്നോളം കാലം കൂടെ ഉണ്ടാവും; രാജി ആലോചനകൾ വെറും ഊഹാപോഹങ്ങൾ: എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ

വാഷിംഗ്ടൺ ജെഫ്രി എപ്‌സ്റ്റൈൻ കേസ് രേഖകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, താൻ ട്രംപ് ഭരണകൂടത്തിലെ സ്ഥാനത്തുനിന്ന് രാജിവെക്കാൻ ആലോചിക്കുന്നു എന്ന ഊഹാപോഹങ്ങൾ തള്ളി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പട്ടേൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.

ഗൂഢാലോചനാ സിദ്ധാന്തങ്ങൾ സത്യമല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റിനെ സേവിക്കുന്നത് ഒരു ബഹുമതിയാണ്. അദ്ദേഹം ആവശ്യപ്പെടുന്നിടത്തോളം കാലം താൻ അത് തുടരുമെന്ന് കാഷ്പട്ടേൽ കുറിച്ചു.എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ അറ്റോർണി ജനറൽ പാം ബോണ്ടി കൈകാര്യം ചെയ്യുന്നതിൽ കാഷ് പട്ടേൽ അതൃപ്തനാണെന്നും, ഡെപ്യൂട്ടി ഡാൻ ബോംഗിനോ ഭരണകൂടം വിട്ടുപോവുകയാണെങ്കിൽ താനും രാജിവെക്കാൻ തയ്യാറാണെന്നും ‘ഡെയ്‌ലി വയർ’ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കൂടുതല്‍ ഫയലുകള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ നിലപാട് പട്ടേലിന് സ്വീകാര്യമായിരുന്നില്ല. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതാണെന്ന ഡിഒജെയുടെ വാദത്തെ ഇരുവരും ചോദ്യം ചെയ്യുകയും സാധ്യമായ ക്ലയന്റ് പട്ടിക ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്ന് വാദിക്കുകയും ചെയ്യുന്നു. ഇതോടെ എഫ്ബിഐക്കുള്ളിലെ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലെത്തുകയാണ്.

യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും ഇയാള്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി അടുപ്പമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജീവനൊടുക്കുകയും ചെയ്തു. ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉടക്കിനിടയിലാണ് എപ്‌സ്റ്റീന്‍ ഫയല്‍സ് ചര്‍ച്ചയായത്.

സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് എപ്‌സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments