വാഷിങ്ടൺ: കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 35 ശതമാനമായി ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്കുള്ള ഫെന്റാനിൽ മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയാൻ നടപടിയെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയാണ് വർധിപ്പിച്ചത്. ആഗസ്റ്റ് ഒന്നിന് പുതിയ തീരുവ നിലവിൽ വരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിക്ക് അയച്ച കത്തിൽ ട്രംപ് പറഞ്ഞു.
കനേഡിയൻ കമ്പനികൾ അമേരിക്കയിൽ ഉൽപാദനം നടത്തുകയാണെങ്കിൽ തീരുവയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് തീരുവ വർധിപ്പിച്ചുകൊണ്ട് ട്രംപിെന്റ പ്രഖ്യാപനമുണ്ടായത്.
ഫെന്റാനിൽ കടത്ത് തടയാൻ കാനഡ നടപടി സ്വീകരിക്കുകയാണെങ്കിൽ തീരുവ പുനഃപരിശോധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ ജനങ്ങളെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാർക് കാർണി പറഞ്ഞു.

