Friday, January 23, 2026
HomeNewsടെസ്‌ലയുടെ ഇന്ത്യ പ്രവേശനം; ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ജൂലായ് 15-ന് ഉദ്ഘാടനം; മസ്ക് ...

ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം; ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ജൂലായ് 15-ന് ഉദ്ഘാടനം; മസ്ക് എത്തുമോ?

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ജൂലായ് 15-ന് ഉദ്ഘാടനം ചെയ്യുമെന്നാണ് ടെസ്‌ലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിനായി സിഇഒ ഇലോണ്‍ മസ്‌ക് എത്തിയേക്കുമോയെന്നാണ് വാഹന വിപണി ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ ആദ്യ ചുവടുവയ്പ്പാണ് മുംബൈയില്‍ ആരംഭിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ലയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ ഡല്‍ഹിയില്‍ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ലയുടെ മോഡല്‍ വൈ റിയര്‍ വീല്‍ ഡ്രൈവ് എസ്‌യുവികള്‍ ചൈനയിലെ ഷാന്‍ഹായ് പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ടെന്നും, ഇത് ഇന്ത്യയിലെ വില്‍പ്പനയ്ക്ക് ഉള്ളതാണെന്നുമാണ് സൂചന. ഇതിനുപുറമെ, മുംബൈയിലെ പോര്‍ട്ടിലേക്ക് ടെസ്‌ല മോഡല്‍ വൈ എസ്‌യുവിയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിച്ചെന്നാണ് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ആഗോള തലത്തില്‍ തന്നെ ടെസ്‌ലയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനമായ മോഡല്‍ വൈക്ക് 44,990 ഡോളറാണ് യുഎസിലെ വില.

മുംബൈയിലെ കോര്‍പ്പറേറ്റ് സിരാകേന്ദ്രമായ ബികെസിക്കടുത്ത് കുര്‍ളയില്‍ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ ടെസ്‌ല ഓഫീസ് സ്ഥാപിക്കാനൊരുങ്ങുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. 30 പേര്‍ക്ക് ഇരുന്നു ജോലിചെയ്യാവുന്ന സ്ഥലം ഇവിടെ ഒരുങ്ങുന്നതെന്നായിരിന്നു വിവരം. നിയമനങ്ങള്‍, വെന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കായായിരുന്നു ഈ ഓഫീസ്. മുംബൈയിലെ ടെസ്ലയുടെ ഷോറൂമിനായി ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

വിപണി പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന് സമാന്തരമായി ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്ലയുടെ മോഡല്‍ വൈ എന്ന ഇലക്ട്രിക് എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഡല്‍ വൈ, മോഡല്‍ 3 തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്ല ഇന്ത്യന്‍ നിരത്തുകള്‍ക്കായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍, ഇത് സംബന്ധിച്ച കൃത്യമായ വെളിപ്പെടുത്തല്‍ ടെസ്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments