Friday, October 31, 2025
HomeNewsകീം പുതുക്കിയ പരീക്ഷ ഫലപ്രഖ്യാപനം: ഒട്ടേറെ പിന്നിലായി സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍

കീം പുതുക്കിയ പരീക്ഷ ഫലപ്രഖ്യാപനം: ഒട്ടേറെ പിന്നിലായി സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കീം പരീക്ഷ ഫലപ്രഖ്യാപനം പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നലെ രാത്രി പുറത്തുവന്നതോടെ പിന്നിലായി സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍. സ്റ്റേറ്റ് സിലബസിലുള്ള ആദ്യ നൂറില്‍ ഇടം പിടിച്ച 43 വിദ്യാര്‍ത്ഥികൾ ഉണ്ടായത് പുതുക്കിയ ഫലത്തിൽ 21 ആയി ചുരുങ്ങി. അപ്പീല്‍ പോകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.

ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡി കെ സിംഗ് ആണ് ഉത്തരവ് ഇറക്കിയത്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശവും നല്‍കി. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കീം മാര്‍ക്ക് ഏകീകരണത്തില്‍ പുതിയ ഫോര്‍മുല ഉടന്‍ നടപ്പാക്കരുതെന്നും വിദഗ്ധ പഠനത്തിന് ശേഷം മാത്രമേ പുതിയ ഫോര്‍മുല നടപ്പാക്കാന്‍ പാടുള്ളൂവെന്നും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഉണ്ടായിരുന്നു. ഇത് വകവെയ്ക്കാതെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പുതിയ ഫലപ്രഖ്യാനത്തിൽ പഴയ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് ഒന്നാം സ്ഥാനത്ത് എത്തി. പഴയ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന എറണാകുളം കല്ലൂര്‍ക്കാട് വട്ടക്കുഴി സ്വദേശിയായ ജോണ്‍ ഷിനോജ് പുതിയ പട്ടിക പ്രകാരം ഏഴാം സ്ഥാനത്താണ്. എറണാകുളം സ്വദേശി ഹരികിഷന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയക്കാണ് മൂന്നാം റാങ്ക്. പുതിയ പട്ടികയിലും പഴയതു പട്ടികയിലും ഫറോഖ് സ്വദേശി ആദില്‍ സയാനാണ് നാലാം റാങ്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments