ന്യൂയോർക്ക് : ഇസ്രയേലിനെതിരെ ശക്തമായ നിലപാടെടുത്ത ഐക്യരാഷ്ട്ര സംഘടന (യുഎൻ) പലസ്തീൻ പ്രത്യേക പ്രതിനിധി ഫ്രാൻഞ്ചെസ്ക ആൽബനീസിന് എതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.
ഇറ്റലിയിൽനിന്നുള്ള മനുഷ്യാവകാശ അഭിഭാഷകയായ ഫ്രാൻഞ്ചെസ്കയെ ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും മനുഷ്യാവകാശ ലംഘനങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാനാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർ) നിയോഗിച്ചത്. ഗാസയിലെ വംശഹത്യയുടെ പേരിൽ ഇസ്രയേലിനെതിരെ തെളിവുകൾ നിരത്തിയ ഫ്രാൻഞ്ചെസ്ക, ഇസ്രയേലിനെ സഹായിക്കുന്ന 60 രാജ്യാന്തര കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഫ്രാൻഞ്ചെസ്കയെ പുറത്താക്കാൻ യുഎന്നിൽ ട്രംപ് ഭരണകൂടം നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഉപരോധം ഏർപ്പെടുത്തിയത്.

