വാഷിങ്ടൻ: ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. കൂട്ടപ്പിരിച്ചുവിടലിനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞ സാൻഫ്രാൻസിസ്കോയിലെ ജഡ്ജിയുടെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
കൃഷി, വ്യാപാരം, ആരോഗ്യം, ട്രഷറി തുടങ്ങിയ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതി രൂപരേഖ ഭരണകൂടം തയാറാക്കിയിരുന്നു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇതു പാടില്ലെന്നായിരുന്നു സാൻഫ്രാൻസിസ്കോയിലെ ജഡ്ജി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഫെഡറൽ ഏജൻസികളിലെ ഘടനാപരമായ മാറ്റങ്ങൾ പ്രസിഡന്റിന്റെ അധികാര പരിധിയിൽപെടുന്നതാണെന്നും നിയമവിരുദ്ധമല്ലെന്നും സുപ്രീം കോടതി വിധിച്ചു. കുടിയേറ്റ വിഷയത്തിലുൾപ്പെടെ ഈയിടെയുണ്ടായ ഉത്തരവുകളും ട്രംപിന് അനുകൂലമായിരുന്നു.

