ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് റഫാൽ യുദ്ധവിമാനം നഷ്ടമായെന്ന റിപ്പോർട്ടുകൾ തള്ളി റഫാലുകൾ നിർമിക്കുന്ന ദസോ ഏവിയേഷൻ ചെയർമാനും സി.ഇ.ഒയുമായ എറിക് ട്രാപ്പിയർ. ഏറെ ഉയരത്തിൽ വെച്ചുണ്ടായ സാങ്കേതിക തകരാർ മൂലം ഇന്ത്യക്ക് ഒരു റഫാൽ ജെറ്റ് നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞതായി ഫ്രഞ്ച് വെബ്‌സൈറ്റ് ഏവിയോൺ ഡി ചാസെ റിപ്പോർട്ട് ചെയ്യുന്നു.
ശത്രുക്കളുടെ ഇടപെടലോ ശത്രുതാപരമായ റഡാർ സമ്പർക്കമോ ഇല്ലാതെയാണ് സാങ്കേതിക തകരാർ സംഭവിച്ചത്. 12,000 മീറ്ററിലധികം ഉയരത്തിൽ വെച്ചായിരുന്നു ഇത് -റഫാൽ വിമാനങ്ങൾ നിർമിക്കുന്ന കമ്പനി തലവനായ ട്രാപ്പിയർ വെളിപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ത്യ അത് അംഗീകരിച്ചിരുന്നില്ല. ഇന്നലെ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ്, നാല് ദിവസത്തെ ഏറ്റുമുട്ടലിനിടെ ഇന്ത്യയ്ക്ക് റാഫേൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് പറയുന്നത് തെറ്റാണെന്ന് നെറ്റ്‌വർക്ക് 18നോട് പറഞ്ഞിരുന്നു.
റഫാലുകൾ എന്ന് നിങ്ങൾ ബഹുവചനത്തിൽ ഉപയോഗിച്ചു. അത് ശരിയല്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇന്ത്യയെക്കാൾ പാകിസ്താനാണ് നഷ്ടങ്ങൾ ഏറെ ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ദസോ ഏവിയേഷന്‍റെ തലപ്പത്തുനിന്ന് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം സിംഗപ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിച്ച ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഓപറേഷൻ സിന്ദൂന്റിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നഷ്ടം സംഭവിച്ചതായി സമ്മതിച്ചിരുന്നെങ്കിലും റഫാൽ ഉൾപ്പെടെ ആറ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിട്ടെന്ന പാക് അവകാശവാദത്തെ അദ്ദേഹം നിഷേധിച്ചിരുന്നു.