തെൽഅവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ വാഷിങ്ടണിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വക്താവ് ഒമർ ദോസ്ത്രിയെ പുറത്താക്കി. ശനിയാഴ്ച വൈകീട്ടാണ് ദോസ്ത്രിയുടെ രാജി സംബന്ധിച്ച് നെതന്യാഹുവിന്റെ ഓഫിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ തന്റെ ചുമതല അവസാനിപ്പിച്ച് പുതിയ മേഖലയിലേക്ക് കടക്കുകയാണെന്ന് ദോസ്ത്രി അറിയിച്ചുവെന്നാണ് ഇതിൽ പറയുന്നത്.
എന്നാൽ, നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവുമായുള്ള ഉടക്കിനെ തുടർന്നാണ് കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിയുടെ വക്താവായിരുന്ന ദോസ്ത്രി പുറത്തായത് എന്നാണ് ഇസ്രായേലിലെ ‘ചാനൽ 13’ റിപ്പോർട്ടിൽ പറയുന്നത്. സാറാ നെതന്യാഹുവിന്റെ പെരുമാറ്റത്തിൽ അസംതൃപ്തനായാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേലും റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ സാറ സജീവമായി ഇടപെടുന്നതായി വ്യാപക ആരോപണമുണ്ടെന്നും വാർത്തയിൽ പറയുന്നു.
അതേസമയം, ദോസ്ത്രി തന്റെ ചുമതല നേരാംവണ്ണം നിർവഹിച്ചിരുന്നില്ലെന്നും നെതന്യാഹു ഇക്കാര്യത്തിൽ അതൃപ്തനായിരുന്നുവെന്നുമാണ് നെതന്യാഹുവിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. സാറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി നെതന്യാഹുവിന്റെ ഓഫിസ് ഞായറാഴ്ച പ്രസ്താവനയും പുറപ്പെടുവിച്ചു. ദോസ്ത്രിയുടെ രാജിയിൽ സാറയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ‘പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും ദോസ്ത്രിയും തമ്മിൽ ചർച്ച ചെയ്താണ് അദ്ദേഹം ജോലി അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്. അവസരം കിട്ടുമ്പോഴെല്ലാം നെതന്യാഹുവിന്റെ ഭാര്യയെ പ്രതിക്കൂട്ടിൽ നിർത്താൻ മാധ്യമങ്ങൾ തിടുക്കം കാണിക്കുകയാണ്’ -കുറിപ്പിൽ പറയുന്നു. അതേസമയം, ദോസ്ത്രിയുടെ പകരക്കാരനായി നിയമിതനായ സിവ് അഗ്മോൺ സാറ നെതന്യാഹുവുമായി വളരെ അടുപ്പമുള്ളയാളാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ പറയുന്നു.

