ഗസ്സ: വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രതിനിധി സംഘം ഖത്തറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശമാണ് ചർച്ചയിലുള്ളത്. ഈ കാലയളവിൽ സ്ഥിരമായ യുദ്ധവിരാമം ചർച്ച ചെയ്യാമെന്നും ട്രംപ് നിർദേശിച്ചു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ഞായറാഴ്ചയും കനത്ത വ്യോമാക്രമണം നടത്തി.ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി തിങ്കളാഴ്ച വാഷിങ്ടണിലേക്ക് തിരിക്കുന്നുണ്ട്. വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ട്രംപ് നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുമെന്നാണ് വിലയിരുത്തൽ. വെടിനിർത്തൽ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച ഹമാസ് സ്ഥിര യുദ്ധവിരാമം സംബന്ധിച്ച് വ്യക്തമായ ഉറപ്പുകിട്ടണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിൽ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ 80 ഫലസ്തീനികളെ കൂടി കൊലപ്പെടുത്തി. 304 പേർക്ക് പരിക്കേറ്റു. ഇതുവരെ 57,418 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 1,36,261 പേർക്ക് പരിക്കേറ്റു. വെടിനിർത്തലിൽ ഹമാസിന്റെ ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

