വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന അഭിപ്രായം വ്യക്തമാക്കി ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക്. ബഹിരാകാശ നിലയം 2030വരെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി 125 കോടി ഡോളര്‍ അനുവദിച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ നികുതി ബില്ലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിച്ച് ചൊവ്വയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്നും മസ്‌ക് പറഞ്ഞു. ഈ വിഷയത്തിൽ ഇതോടെ പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
1998-ല്‍ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചതിന് ശേഷം ഒട്ടേറെ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ക്ക് വേദിയായിട്ടുള്ള എൻജിനീയറിങ് അത്ഭുതമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഇത് ഭൂമിക്ക് 400 കിലോമീറ്ററിലേറെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. 2030ഓടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബഹിരാകാശ നിലയം, ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ വാണിജ്യ യാത്രകള്‍ക്കും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ക്കുമായി തുറന്നുകൊടുത്തിട്ടുണ്ട്.
2030-ഓടെ വിരമിക്കുന്ന ബഹിരാകാശ നിലയം സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റുന്നതിനായി 32.5 കോടി ഡോളര്‍ ഫണ്ടും പുതിയ നികുതി ബില്‍ അനുവദിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റി അന്തരീക്ഷത്തില്‍ ഇടിച്ചിറക്കുന്നതിന് വേണ്ടി പ്രത്യേക ഡീ ഓര്‍ബിറ്റ് വാഹനം നിര്‍മിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 84.3 കോടി ഡോളര്‍ യുഎസ് അനുവദിച്ചിരുന്നു.

