കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു. രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. 14-ാം വാർഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ടു പേർക്കാണു പരുക്ക്. സാരമായ പരുക്കില്ല. മന്ത്രി വീണാ ജോർജും വി.എൻ. വാസവനും മെഡിക്കൽ കോളജിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന നടത്തുകയാണ്.
പത്താം വാർഡിനോടു ചേർന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു. മന്ത്രി വി.എൻ. വാസവനും സ്ഥലത്തെത്തിയിട്ടുണ്ട്.