വാഷിംങ്ടൺ: വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികൾ പ്രചരിക്കുന്നതിനിടെ മറുപടിയുമായി മുൻ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമ. താനും ഭർത്താവായ മുൻ പ്രസിഡന്റ് ബറാക് ഒബാമയും പൊതുസ്ഥലങ്ങളിൽ അപൂർവ്വമായി മാത്രം ഒരുമിച്ച് കാണപ്പെടുന്നതിന്റെ യഥാർത്ഥ കാരണം അവർ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ‘വൈൽഡ്’ കാർഡ് പോഡ്‌കാസ്റ്റിൽ റേച്ചൽ മാർട്ടിനൊപ്പം സംസാരിച്ച 61 കാരിയായ മിഷേൽ, ദമ്പതികളുടെ ഒരുമിച്ചുള്ള ഫോട്ടോ ആളുകൾ കാണാത്തതിൽ നിന്നാണ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ, ഇത് തങ്ങളുടെ പ്രായത്തിന്റെയും ജീവിതശൈലിയുടെയും പ്രതിഫലനം മാത്രമാണെന്നും ബന്ധത്തിലെ പ്രശ്‌നമല്ലെന്നും അവർ വിശദീകരിച്ചു.
‘ഞാൻ എന്റെ ഭർത്താവുമായി ഒരു ഡേറ്റിങ്ങിന് പോകുന്നത് ആളുകൾ കാണുന്നില്ല എന്നത് ഞങ്ങളുടെ ദാമ്പത്യം അവസാനിക്കുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമാകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഓരോ മിനിറ്റിലും ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോകാറില്ല. ഞങ്ങൾക്ക് 60 വയസ്സായി’ എന്ന് മിഷേൽ പറഞ്ഞതായി ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്യുന്നു. ദിവസത്തിലെ ഓരോ മിനിറ്റിലും ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘ഈ വർഷം ഞാൻ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ശവസംസ്കാര ചടങ്ങുകളിലും ഉദ്ഘാടനങ്ങളിലും പങ്കെടുക്കാതെ ഇരിക്കുക എന്നതായിരുന്നു’വെന്നും അവർ പറഞ്ഞു. സ്വന്തം ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതുജീവിതത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് മിഷേൽ ഒബാമ നേരത്തെ സംസാരിച്ചിട്ടുണ്ട്. നടി സോഫിയ ബുഷുമൊത്തുള്ള വർക്ക് ഇൻ പ്രോഗ്രസ് പോഡ്‌കാസ്റ്റിൽ വൈറ്റ് ഹൗസ് വിട്ടതിനുശേഷം തന്റെ മുൻഗണനകൾ എങ്ങനെ മാറിയെന്ന് അവർ സംസാരിച്ചു. തന്റെ പെൺമക്കൾ ഇപ്പോൾ മുതിർന്നവരായതിനാൽ സ്വയം തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.