Sunday, July 20, 2025
HomeNewsഖാംനഈയെ മരണത്തിൽനിന്ന് രക്ഷിച്ചതായി യു.എസ് പ്രസിഡന്റ്; ഡാഡിയുടെ അടുത്തേക്ക് ഓടി, ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നു...

ഖാംനഈയെ മരണത്തിൽനിന്ന് രക്ഷിച്ചതായി യു.എസ് പ്രസിഡന്റ്; ഡാഡിയുടെ അടുത്തേക്ക് ഓടി, ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നു എന്ന് ഇറാൻ വിദേശകാര്യ മന്ത്രി

തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ നിന്ദ്യമായ മരണത്തിൽനിന്ന് രക്ഷിച്ചതായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്ത്. ട്രംപിന്‍റെ പരാമർശം അനാദരവ് നിറഞ്ഞതാണെന്നും തികച്ചും അസ്വീകാര്യമാണെന്നും അരഗ്ചി വ്യക്തമാക്കി. ഇറാന്‍റെ ആക്രമണത്തിൽ രക്ഷപെടാൻ ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

“സമാധാന കരാർ ആഗ്രഹിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന് ആത്മാർഥതയുണ്ടെങ്കിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയോട് കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ പരാമർശം ഒഴിവാക്കുകയും, അദ്ദേഹത്തെ പിന്തുണക്കുന്നവരെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം കുറിച്ചു. നമ്മുടെ മിസൈലുകൾക്ക് ഇരയാകാതിരിക്കാൻ ‘ഡാഡിയുടെ’ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രായേൽ ഭരണകൂടത്തിന് മറ്റ് മാർഗമില്ലെന്ന് ഇറാനിയൻ ജനത ലോകത്തിന് കാണിച്ചുകൊടുത്തു” -അരാഗ്ചി എക്‌സിൽ കുറിച്ചു.

ഭീഷണികളെയും അപമാനങ്ങളെയും ദയയോടെ സ്വീകരിക്കുന്ന നയമല്ല തങ്ങളുടേതെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. അതിലൂടെ, ജൂൺ 13ന് ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം യു.എസും ചേർന്നു. ഖാംനഈയുടെ ജീവൻ രക്ഷിച്ചത് താനാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞതിന് പിന്നാലെയാണ് ശനിയാഴ്ച അരാഗ്ചി ഇത് അപലപിച്ച് രംഗത്ത് വന്നത്.

നിന്ദ്യമായ വൃത്തികെട്ട മരണത്തിൽ നിന്നും ഖാംനഈയെ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന് യുദ്ധവിജയമുണ്ടായെന്ന ഖാംനഈ​യുടെ അവകാശവാദം വെറും നുണയാണെന്നും ട്രംപ് പറഞ്ഞു. ഖാംനഈയുടെ രാജ്യം നശിപ്പിക്കപ്പെട്ടു. മൂന്ന് ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കപ്പെട്ടു. ഖാംനഈ എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഇസ്രായേലിനെയോ യു.എസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാൻ താൻ അനുവദിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ആണവപദ്ധതികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇനിയും ഇറാനെ ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇറാനിൽ പരിശോധനകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അവസരം ലഭിച്ചിരുന്നെങ്കിൽ ഖാംനഈയെ വധിക്കുമായിരുന്നുവെന്ന പരാമർശവുമായി ഇസ്രായേൽ പ്രതിരോധമന്ത്രി കാട്സ് രംഗത്തുവന്നിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാൻ പബ്ലിക് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ കാട്സ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments