പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാർ അവാർഡിനാണ് എൻഡോവ്മെന്റ് പുസ്തകം അർഹമായത്. 10,000 രൂപയാണ് പുരസ്‌കാര തുക. എന്നാൽ, പുരസ്കാരം സ്വീകരിക്കില്ലെന്നും ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്വരാജ് പ്രതികരിച്ചിരുന്നു.
അവാർഡ് പ്രഖ്യാപനവും സ്വരാജിന്റെ പ്രസ്താവനയും ചർച്ചയായതോടെയാണ് ആരുടെയും പേരെടുത്ത് പറയാതെ വി.ടി. ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്. ‘സാധാരണ ഗതിയിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകുന്നത് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടാണ്. ഇത്തവണത്തെ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അക്കാദമിയുടെ അറിയിപ്പാണ് ഇത്. പക്ഷേ ആരും അപേക്ഷിക്കാതെ തന്നെ അക്കാദമി സ്വന്തം നിലക്ക് ചില ഗ്രന്ഥങ്ങൾ കണ്ടെത്തി അങ്ങോട്ട് വിളിച്ച് അവാർഡുകൾ കൊടുക്കുന്നുണ്ടെന്നും തോന്നുന്നു. ഗ്രന്ഥകർത്താവോ പ്രസാധകരോ മറ്റ് തത്പരകക്ഷികളോ അപേക്ഷിക്കാതെ തന്നെ പ്രമുഖ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകാൻ അക്കാദമിക്ക് കഴിയുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്. പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഇത് കാണാവുന്നതാണ്. സാംസ്ക്കാരിക വകുപ്പിനും സാഹിത്യ അക്കാദമിക്കും അവാർഡ് ജേതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ’ -എന്നാണ് ബൽറാമിന്റെ കുറിപ്പ്.
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജി.ആർ ഇന്ദുഗോപന്‍റെ ‘ആനോ’ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ക്ക് ലഭിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’ന് ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഇ.എൻ.ഷീജയുടെ ‘അമ്മ മണമുള്ള കനിവുള്ള’ നേടി.
മികച്ച യാത്രാവിവരണം കെ.ആർ.അഭയൻ എഴുതിയ ‘ആരോഹണം ഹിമാലയം’ നേടി. അക്കാദമിയുടെ വിശിഷ്ടാംഗത്വം കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ നേടി. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.