തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമില്‍ മേജര്‍ കോഴ്സുകളും മൈനര്‍ കോഴ്സുകളും ഒരേ അധ്യാപകര്‍ തന്നെ പഠിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കും. നാലുവര്‍ഷ ബിരുദ റെഗുലേഷനില്‍ വീണ്ടും ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം.യു.ജി.സി യോഗ്യതയുള്ള കോളജ് ലൈബ്രേറിയന്മാര്ക്ക് ബിരുദം ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകള്‍ പഠിപ്പിക്കാന്‍ അനുവാദം നല്‍കും. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്റെ പേരില്‍ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ എന്നാക്കി മാറ്റി സ്റ്റാറ്റ്യൂട്ടിലും ഓര്‍ഡിനന്‍സിലും മാറ്റം വരുത്തുന്നതിന് അംഗീകാരം നല്കി. 2021-22 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉർദു പഠനവകുപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല സ്റ്റാറ്റ്യൂട്ടില്‍ ഭേദഗതി വരുത്തും. ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമിന്റെ റെഗുലേഷനില്‍ ഭേദഗതി അംഗീകരിച്ചു. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ജോയന്റ് ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി പിഎച്ച്.ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ ഇളവ് നല്‍കും.
തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതില് ഇളവ് വരുത്തിക്കൊണ്ടുള്ള ഫെബ്രുവരി നാലിന് ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം അംഗീകരിച്ചു. യു.ജി.സി അംഗീകാരമുള്ള ഇന്ത്യന്‍ സര്‍വകലാശാലകളുടെയും അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിന്റെ അംഗീകാരമുള്ള വിദേശ സര്‍വകലാശാലയുടെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും പിഎച്ച്.ഡി സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കും.
എം.ബി.എ പ്രോഗ്രാമിന്റെ 2024 ബാച്ചിന് പരീക്ഷ വിജയിക്കാന്‍ എക്സ്റ്റേണലിന് 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും. ഇന്റേണലിനും എക്സ്റ്റേണലിനും കൂടി 50 ശതമാനം മാര്‍ക്ക് മതി എന്ന റെഗുലേഷനില്‍ സെനറ്റ് മാറ്റം വരുത്തി.അഫിലിയേറ്റഡ് കോളജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ റെഗുലേഷന് അംഗീകരിച്ചു.
2023-24, 2023-25 അക്കാദമിക വര്‍ഷങ്ങളില്‍ 16 പുതിയ സ്വാശ്രയ കോളജുകള്‍ക്ക് അംഗീകാരം നല്‍കിയത് സെനറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് ആറ്, പാലക്കാട് അഞ്ച്, തൃശൂര്‍ മൂന്ന്, കോഴിക്കോട് രണ്ട് എന്നിങ്ങനെയാണ് കോളജുകള്‍ ആരംഭിക്കുന്നത്. 2023-24, 2024-25 അക്കാദമിക വര്‍ഷങ്ങളില്‍ വിവിധ കോളജുകളില്‍ 190 പുതിയ പ്രോഗ്രാമുകള്‍ ആരംഭിച്ചതും സെനറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.