ന്യൂയോർക്ക്: വീണ്ടും തലപൊക്കി താരിഫ് യുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ജൂലൈ 9ന് അവസാനിക്കാനിക്കെ, യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ തർക്കം വീണ്ടും രൂക്ഷമാകുന്നു. ജൂലൈ 9നകം യുഎസുമായി വ്യാപാരക്കരാറിൽ എത്തണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഇതിനകം യുകെയ്ക്കു അതു സാധിച്ചിട്ടുള്ളൂ.
യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷൻ യുഎസുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ട്. ജൂലൈ 9നകം കരാർ യാഥാർഥ്യമാകാതിരിക്കുകയും ട്രംപ് കനത്ത തീരുവയുമായി മുന്നോട്ടുപോവുകയും ചെയ്താൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന സൂചന യൂറോപ്യൻ യൂണിയൻ നൽകി. മേഖലയിലെ സ്റ്റീൽ, അലുമിനിയം ഉൾപ്പെടെയുള്ള നിർണായക കയറ്റുമതി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ യുഎസ് ഉൽപന്നങ്ങൾക്കുമേലും സമാന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി മേധാവി സ്റ്റെഫാൻ സെയോർനെ പറഞ്ഞു.