Tuesday, November 11, 2025
HomeAmericaഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയം 4: ഇന്ത്യക്കും കേരളത്തിനും അഭിമാന നിമിഷങ്ങൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്സിയം 4: ഇന്ത്യക്കും കേരളത്തിനും അഭിമാന നിമിഷങ്ങൾ

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ആക്സിയം 4 ദൗത്യത്തില്‍ ഇന്ത്യയിൽ നിന്ന് ശുഭാംശു ശുക്ല പോയപ്പോൾ കൂടെ കേരളത്തിൽ നിന്നുമുള്ള പരീക്ഷണങ്ങളും കൂടിയുണ്ട്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ഒരുക്കിയ കേരളത്തില്‍ നിന്ന് ആറ് വിത്തിനങ്ങളാണ് ‘ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്’ എന്ന പരീക്ഷണത്തിലൂടെ ബഹിരാകാശത്തേക്ക് പോയിരിക്കുന്നത്.

വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ തുടങ്ങിയ ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയക്കുന്നത്. ശുഭാംശു ശുക്ലയാണ് ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുക. നാളിതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടില്ലാത്ത കേരളത്തിന്‍റെ തനത് വിത്തുകളാണ് അയക്കുന്നത് എന്നതാണ് പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സ്പേസ് ബയോളജി രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും ഈ പരീക്ഷണം എന്നാണ് പ്രതീക്ഷ.

ശുഭാംശു ശുക്ലയുടെ ആക്സിൻ ദൗത്യത്തിനൊപ്പം മലയാളിയായ ഡോ. ഷംഷീർ വയലിൻ നേതൃത്വം നൽകുന്ന പ്രമേഹ ​ഗവേഷണവും ചരിത്രമാകും. യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വിഭാവനംചെയ്‌ത ‘സ്വീറ്റ് റൈഡ്’ എന്ന പ്രമേഹചികിത്സാ ഗവേഷണമാണാ ആക്സിൻ ദൗത്യത്തിന്റെ ഭാഗമാകുന്നത്. ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിൻ്റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോഗ്രാവിറ്റിയിലെ (മനുഷ്യനോ വസ്‌തുക്കൾക്കോ ഭാരം അനുഭവപ്പെടാത്ത അവസ്ഥ) ഗവേഷണത്തിനാണ് വഴിയൊരുങ്ങുന്നത്.

രണ്ടാഴ്ച നീളുന്ന ദൗത്യത്തിലുടനീളം മൈക്രോഗ്രാവിറ്റിയിൽ ശരീരത്തിലെ ഗ്ലൂക്കോസ് ഉപാപചയത്തെപ്പറ്റി വിദഗ്‌ധ മെഡിക്കൽസംഘം പഠിക്കും. ഗ്ലൂക്കോസ് നില കണ്ടെത്തുന്നതിനുള്ള കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റർ, ഒന്നോ അതിലധികമോ യാത്രികർ ധരിക്കും. ഇതിലൂടെ ലഭിക്കുന്ന വിവരം ആക്സിയത്തിന്റെയും ബുർജീലിന്റെയും വിദഗ്‌ധർ തത്സമയം വിശകലനംചെയ്യും. മെറ്റബോളിക് രോഗചികിത്സയിൽ വിദഗ്ധനായ ‘സ്വീറ്റ് റൈഡ്’ ക്ലിനിക്കൽ ലീഡ് ഡോ. മുഹമ്മദ് ഫിത്യാൻ ഉൾപ്പെടുന്ന സംഘമാണ് ഭൂമിയിൽ ഇക്കാര്യം നിർവഹിക്കുക. ബഹിരാകാശദൗത്യത്തിന് നിലവിൽ പ്രമേഹബാധിതർക്കുള്ള നിയന്ത്രണം നീക്കുന്നതിന് ഗവേഷണം വഴിയൊരുക്കും. ഒപ്പം പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയിൽ സുപ്രധാന മാറ്റം കൊണ്ടുവരാനും സഹായിക്കും.

ശുഭാംശു ശുക്ല ബഹിരാകാശയാത്രയിൽ ഇന്ത്യയിൽനിന്നുള്ള ചില ഭക്ഷണങ്ങളും കൊണ്ടുപോകുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തേയും പാചകപൈതൃകത്തേയും പ്രതിനിധാനം ചെയ്യാനാണ് രാജ്യത്തുനിന്ന് ഭക്ഷണം കൊണ്ടുപോകുന്നത്. മാങ്ങകൊണ്ടുള്ള മധുരമുള്ള ഒരു പാനീയം, അരി, മുങ് ദാൽ ഹൽവ എന്നീ ഭക്ഷണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉന്മേഷം നൽകുന്ന മാമ്പഴപാനിയം മൈക്രോഗ്രാവിറ്റിയിൽ ഒരു സിപ്പര ഉപയോഗിച്ചാണ് കുടിക്കുക.

ഒട്ടിപ്പിടിക്കാത്ത പ്രകൃതമായതിനാൽ അരി കൊണ്ടുപോകുന്നത് വെല്ലുവിളിയായേക്കാം. കൂടുതൽ മധുരമേറിയ മൂങ് ദാൽ ഹൽവ നന്നായി പാക്ക് ചെയ്‌താണ് ബഹിരാകാശനിലയത്തിലേക്ക് കൊണ്ടുപോകുന്നത്. വിഭവങ്ങളുടെ സുരക്ഷിതത്വം, പോഷകം, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ ബഹിരാകാശത്തെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കിയതും പാക്ക് ചെയ്തിരിക്കുന്നതും. ആഗോള ബഹിരാകാശ പര്യവേഷണത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാന്നിധ്യത്തിൻ്റെ പ്രതീകമാണ് ദൗത്യത്തിൽ വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ബഹിരാകാശയാത്ര.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.01നാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ആക്സിയം 4 ദൗത്യം വിക്ഷേപിച്ചത്. ഇന്ത്യന്‍ വ്യോമസേന ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. സ്പേസ് എക്‌സിന്‍റെ തന്നെ ഡ്രാഗൺ പേടകത്തിലാണ് ഈ നാല്‍വര്‍ സംഘത്തിന്‍റെ യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്.

ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത് നീണ്ട 41 വർഷങ്ങൾക്ക് ശേഷമാണ്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം ദൗത്യം വിജയമാകുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശുവിന് സ്വന്തമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments