വാഷിങ്ടണ്‍: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അവരുടെ എല്ലാ അമര്‍ഷവും തീര്‍ത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഒരുപക്ഷേ ഇറാന് മേഖലയില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ കഴിയും, ഇസ്രയേലിനെയും അങ്ങനെ ചെയ്യാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കും- ട്രംപ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെതിരായി നടത്തിയ തിരിച്ചടി വളരെ ദുര്‍ബലമായിപ്പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍ 14 മിസൈലുകളാണ് ഖത്തറിലെ യു.എസ്. സൈനിക താവളത്തിലേക്ക് അയച്ചത്. ഇതില്‍ 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ മാത്രം വെടിവെച്ചിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു.
മാത്രമല്ല, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതിന് ഇറാന് നന്ദിപറയാനും ട്രംപ് മറന്നില്ല. ഇറാന്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് ആളുകളുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു
പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റലും വലിയ സൈനിക താവളമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം. 100 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തില്‍ 60 ഏക്കറിലായി പടര്‍ന്നുകിടക്കുന്ന ഈ വ്യോമതാവളത്തില്‍ 10,000 യു.എസ് സൈനികരുമുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണ് യു.എസ്. നടത്തിയിരുന്നത്. 1996ലാണ് ഈ വ്യോമതാവളം യു.എസ്. സ്ഥാപിക്കുന്നത്.