ബെയ്‌റൂട്ട്: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 182 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 700 ലേറെ പേര്‍ക്ക് പരുക്ക് പറ്റിയതായും വിവരം.
300-ലധികം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേലും അറിയിച്ചിട്ടുണ്ട്. അതേസമയം തിരിച്ചടിച്ചതായും വടക്കന്‍ ഇസ്രായേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടന്ന അക്രമങ്ങളില്‍ ഏറ്റവും മാരകമായിരുന്നു തിങ്കളാഴ്ചത്തേത്.
ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കിലെ വാര്‍ഷിക ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി, ലെബനന്‍ മറ്റൊരു ഗാസയായി മാറുമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കുകയും അവിടെ വെടിനിര്‍ത്തലിന് ഇരുപക്ഷത്തിനും താല്‍പ്പര്യമില്ലെന്ന് വ്യക്തമാണെന്നും പറഞ്ഞിരുന്നു.